Saturday, November 16, 2024
GCCKeralaTop Stories

എടപ്പാളിൽ പ്രവാസിയെ വീട്ടിൽ കയറ്റാത്ത സംഭവത്തിൽ പുതിയ ട്വിസ്റ്റ്; മാധ്യമങ്ങളിൽ വന്ന വാർത്തയല്ല യാഥാർത്ഥ്യമെന്ന് വിശദീകരണം

എടപ്പാൾ: എടപ്പാള്‍ പഞ്ചായത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ സ്വന്തം സഹോദരങ്ങള്‍ വീട്ടില്‍ കയറാൻ അനുവദിച്ചില്ലെന്ന വാര്‍ത്തയുടെ പിറകിൽ കുടുംബ പ്രശ്നമാണെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ ദിനപത്രങ്ങളിൽ അടക്കം പ്രസിദ്ധീകരിക്കപ്പെട്ട ആ വാർത്തയുടെ നിജസ്ഥിതി എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ പറയുന്നതുപോലെയല്ല സംഭവം. വീട്ടുകാര്‍ക്കിടയില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് കാരണമായത്. പ്രവാസി വരുന്ന കാര്യം കുടുംബത്തെ അറിയിച്ചിരുന്നുവെന്നു പറയുന്നതില്‍ തെറ്റുണ്ടെന്നും പഞ്ചായത്തിനു പോലും ഇയാള്‍ വരുന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നും ബിജോയ് പറയുന്നു.

പാലക്കാട് കുമാരപുരം പ്രദേശത്താണ് ഈ പ്രവാസിയുടെ ഭാര്യവീട്. കുറച്ചു കാലങ്ങളായി ഇദ്ദേഹം അവിടെയാണ് താമസം. തറവാട് ഭാഗം വയ്ക്കലുമായി സംബന്ധിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഇപ്പോള്‍ തറവാട് വീട് നിന്നിരുന്നിടത്ത് ഒരു മുറിയും അതിനോട് ചേര്‍ന്ന് ഒരു ബാത്ത് റൂമും മാത്രമാണുള്ളത്. ഇവിടെ ഇദ്ദേഹത്തിന്റെ അനിയനാണ് താമസിക്കുന്നത്. ഇയാള്‍ അവിവാഹിതനായതുകൊണ്ട് ഒറ്റയ്ക്കാണ് താമസം. പ്രവാസി നാട്ടിലേക്ക് മടങ്ങുന്ന കാര്യമോ ഇങ്ങോട്ട് വരുന്ന കാര്യമോ അനിയനോ മറ്റു ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നു. ഭാര്യ വീടിരിക്കുന്ന പഞ്ചായത്തിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതും, എടപ്പാള്‍ പഞ്ചായത്തിലല്ല. പക്ഷേ, ഇയാള്‍ നേരെ വരുന്നത് എടപ്പാള്‍ പഞ്ചായത്തിലുള്ള തറവാട്ട് വീട്ടിലേക്കാണ്. അറിയിക്കാതെ വന്നതാണ് പ്രശ്‌നമായത്.

സാധാരണ വരുമ്പോള്‍ ഭാര്യ വീട്ടിലേക്ക് പോകുന്നയാള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങോട്ട് വന്നതാണ് സഹോദരനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളുണ്ടായത്. വിവരം അറിഞ്ഞയുടനെ വാര്‍ഡ് മെംബറും താനും സംഭവസ്ഥലത്തെത്തുകയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവാസിയെ ഉടന്‍ തന്നെ പഞ്ചായത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രവാസി ചോദിച്ചിട്ടും വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്നു പറയുന്നതും തെറ്റാണെന്നും അത്തരം പ്രശ്‌നങ്ങളൊന്നും തന്നെ അദ്ദേഹത്തിനുണ്ടായിട്ടില്ലെൻന്നും എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പി പി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്