സൗദി തിരിച്ചു വരവിൻ്റെ പാതയിൽ; ദിവസങ്ങൾക്ക് ശേഷം സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം 2000 ത്തിൽ താഴെയായി
ജിദ്ദ: നിരവധി നാളുകൾക്ക് ശേഷം സൗദിയിലെ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ പ്രതിദിന കണക്ക് 2000 ത്തിനു താഴെയായി. പുതുതായി 1968 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊറോണ നേരിടുന്നതിൽ സൗദി ഏറ്റവും വലിയ പ്രയാസ ഘട്ടം കടന്ന് പോയെന്ന് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവൻ്റീവ് ഹെൽത്ത് അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അസീരി അറിയിച്ചു.
സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,66,941 ആയി. ഇതിൽ 2,20,323 പേർ രോഗമുക്തരായി. 2541 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം അസുഖം ഭേദമായിട്ടുണ്ട്.
പ്രതിദിന കൊറോണ മരണ നിരക്കിൽ ഇന്നും കുറവ് രേഖപ്പെടുത്തി. 30 രോഗികളാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 2733 ആയി.
നിലവിൽ 43,885 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2120 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആക്റ്റീവ് കേസുകളിലും ഗുരുതരാവസ്ഥയിലാകുന്ന കേസുകളിലും ആശ്വാസമേകുന്ന കണക്കുകളാണു റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa