Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ പുതിയ വർക്ക് സിസ്റ്റം വിദേശികൾക്കും ഗുണം ചെയ്യാൻ സാധ്യത

ജിദ്ദ: സൗദിയിൽ പുതുതായി നിലവിൽ വന്ന ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം വിദേശികൾക്ക് ദോഷകരമായി ബാധിക്കുമെന്നാണു പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രത്യക്ഷത്തിൽ വിദേശികൾക്ക് ഭീഷണിയായി തോന്നാമെങ്കിലും ചിലപ്പോൾ വിദേശികൾക്ക് അനുകൂലമായി മാറാനും ഇത് വഴി തെളിയിച്ചേക്കാം എന്നാണ് വസ്തുതതകൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്.

ഒന്നോ അതിലധികമോ തൊഴിലുടമകൾക്കായി പാർട്ട് ടൈം ആയി ജോലി ചെയ്യുന്നതിനു സൗദികൾക്ക് ലഭിച്ച അവസരമാണു ഫ്ളക്സിബിൾ വർക്ക് സിസ്റ്റം. ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം വഴി ഒരു തൊഴിലുടമക്ക് ലഭിക്കുന്ന നേട്ടങ്ങൾ അയാളെ തുടർന്നും സൗദികളെത്തന്നെ ഈ സിസ്റ്റത്തിലൂടെ ജോലിക്ക് നിയമിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണു ഇതിൻ്റെ നിയമങ്ങൾ എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

പ്രധാനമായും ഒരു സ്ഥാപനത്തിൻ്റെ ഉടമക്ക് ശ്രദ്ധിക്കാനുള്ള കാര്യമാണു നിതാഖാത്തിലെ സൗദി സാന്നിദ്ധ്യം. പുതിയ സംവിധാനം വഴി ഒരു സ്ഥാപനത്തിൻ്റെ പ്രവൃത്തി സമയത്തിൻ്റെ പകുതി സമയത്തിൽ താഴെ മാത്രം ഒരു സൗദി ജോലി ചെയ്യുകയാണെങ്കിൽ നിതാഖാത്തിൽ മൂന്നിൽ ഒന്ന് സ്വദേശിയായി പരിഗണിക്കുമെന്നത് തൊഴിലുടമകൾക്ക് സ്വദേശികളെ നിയമിക്കാൻ വലിയ പ്രചോദനമാകും.

അതോടൊപ്പം ഫ്ളെക്സിബിൾ വർക്ക് സിസ്റ്റത്തിൽ ജോലി ചെയ്യുന്ന സൗദിക്ക് ലീവ് സാലറിയും സർവീസ് ബെനെഫിറ്റും നൽകേണ്ടതില്ലെന്നതും വേതനം മണിക്കൂർ അടിസ്ഥാനത്തിൽ നൽകിയാൽ മതി തുടങ്ങിയ കാര്യങ്ങളുമെല്ലാം സൗദികളെത്തന്നെ നിയമിക്കാൻ തൊഴിലുടമകളെ പ്രേരിപ്പിച്ചേക്കും.

അതേ സമയം ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം വഴി സൗദികൾക്കൊപ്പം വിദേശികൾക്കും തൊഴിൽ അവസരങ്ങൾ കൂടാനോ ഉള്ള തൊഴിൽ നഷ്ടപ്പെടാതിരിക്കാനോ ചെറിയ സാധ്യത കാണുന്നുണ്ട്. വിദേശികൾ നിർബന്ധമായും ആവശ്യമായി വരികയും അതേ സമയം സൗദിവത്ക്കരണം ഒരു നിശ്ചിത ശതമാനം നിർബന്ധമാകുകയും ചെയ്യുന്ന ചില മേഖലകളുണ്ട്. ഇത്തരം മേഖലകളിലെ തൊഴിലുടമകൾക്ക് ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം വഴി സൗദികളെ ചെലവ് കുറഞ്ഞ രീതിയിൽ നിയമിച്ച് നിതാഖാത്തിൻ്റെ പൂർത്തീകരണം സാധിക്കുകയും അതോടൊപ്പം വിദേശ തൊഴിലാളികളെ നില നിർത്താനും സാധിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ വിദേശ തൊഴിലാളികളെ നിർബന്ധമായും ആവശ്യമുള്ള ചില തൊഴിലുടമകളെങ്കിലും സൗദികൾക്കൊപ്പം വിദേശികളെയും തൊഴിൽ മേഖലയിൽ നില നിർത്താനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല എന്ന് തന്നെ പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്