സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് എക്സിറ്റ് ലഭിക്കുന്നതിനും അനാവശ്യമായി ഹുറൂബാക്കിയത് നീക്കം ചെയ്യാനുമുള്ള മാർഗങ്ങൾ വ്യക്തമാക്കി അധികൃതർ
റിയാദ്: കഴിഞ്ഞ ഹിജ്ര വർഷത്തിൽ മാത്രം റിയാദ് മാനവ വിഭവശേഷി സാമൂഹിക ക്ഷേമ ബ്രാഞ്ച് പൂർത്തിയാക്കിയ നടപടിക്രമങ്ങൾ ലേബർ റിലേഷൻസ് വകുപ്പ് വെളിപ്പെടുത്തി. ശരിയായ മാർഗ്ഗത്തിലൂടെയും അല്ലാതെയും ഹുറൂബാക്കിയ 16,706 കേസുകൾ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അപേക്ഷകൾ പ്രകാരം റദ്ദാക്കി.
തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ 980 വിദേശികളുടെ സ്പോൺസർഷിപ്പ് മാറ്റിയിട്ടുണ്ട്. അതോടൊപ്പം 12,433 പേർക്ക് ഫൈനൽ എക്സിറ്റ് അപേക്ഷകളിലും തീർപ്പ് കൽപ്പിച്ചു.
അതേ സമയം ലേബർ ഓഫീസിൽ നിന്ന് എക്സിറ്റ് ലഭിക്കുന്നതിനായി ഒരു വിദേശിക്ക് വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള നിബന്ധനകൾ റിയാദ് മാനവ വിഭവശേഷി സാമൂഹിക ക്ഷേമ ബ്രാഞ്ച് വ്യക്തമാക്കി. ഇഖാമയുടെയോ വർക്ക് പെർമിറ്റിൻ്റെയോ കാലാവധി അവസാനിച്ചവർക്ക് സ്വയം ലേബർ ഓഫീസിൽ ഹാജരാകുകയും എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കുകയും ചെയ്യാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ചില പ്രത്യേക സാഹചര്യത്തിലല്ലാതെ തൊഴിലുടമക്ക് ഹുറൂബാക്കി 20 ദിവസം കഴിഞ്ഞാൽ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ തന്നെ ഹുറൂബാക്കിയതിൽ താൻ നിരപരാധിയാണെന്ന് തൊഴിലാളിക്ക് തെളിയിക്കാൻ സാധിക്കുമെങ്കിൽ തൻ്റെ ഹുറൂബ് നീക്കം ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്.
തൊഴിലാളിയുടെ അപേക്ഷ പ്രകാരം ഹുറൂബ് നീക്കം ചെയ്താൽ അയാൾക്ക് പഴയ കഫീലിൻ്റെ കീഴിൽ തന്നെ വീണ്ടും ജോലി ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ തൊഴിലാളിക്ക് മറ്റൊരു കഫീലിൻ്റെ കീഴിലേക്ക് കഫാല മാറാൻ സാധിക്കും. ഒരു തൊഴിലാളിയെ തെറ്റായ രീതിയിൽ ഹുറൂബാക്കിയതായി തെളിയിക്കപ്പെട്ടാൽ ആ സ്ഥാപനത്തിനുള്ള ലൈസൻസ് പുതുക്കൽ ഒഴികെയുള്ള മറ്റു സേവനങ്ങൾ ഒരു വർഷത്തേക്ക് നിർത്തി വെക്കും. വീണ്ടും തെറ്റാാവർത്തിച്ചാൽ 3 വർഷത്തേക്കും മൂന്നാം തവണയും തെറ്റാവർത്തിച്ചാൽ 5 വർഷത്തേക്കും സ്ഥാപനത്തിനുള്ള സേവനങ്ങൾ നിർത്തി വെക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa