Tuesday, November 19, 2024
Saudi ArabiaTop Stories

വിഷൻ 2030 ലക്ഷ്യങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ പൂർത്തീകരിക്കും; കഴിഞ്ഞ 4 വർഷം കൊണ്ട് സൗദി കൈ വരിച്ചത് ചരിത്രത്തിലെ തന്നെ അഭൂതമായ നേട്ടങ്ങൾ: കിരീടാവകാശി

റിയാദ്: സൗദി അറേബ്യയുടേത് ലോകത്തെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ സമ്പദ് വ്യവസ്ഥയാണെന്നും അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും വൈവിധ്യങ്ങൾ ഇരട്ടിയാക്കാനും തങ്ങൾ പരിശ്രമിക്കുകയാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ചരിത്രത്തിലെ തന്നെ അഭൂതമായ നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിനു സാധിച്ചു.

അല്ലാഹു ഉദ്ദേശിച്ചാൽ വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ 2025 ആകുംബോഴേക്കും 65 ശതമാനവും നമ്മൾ കൈവരിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതായത് 2030ൽ ലക്ഷ്യവും മറി കടക്കുമെന്ന് സാരം.

ലോകത്ത് സ്വന്തമായി വീടുണ്ടാകുന്ന പൗരന്മാരുടെ ലിസ്റ്റിൽ നമ്മൾ ഒന്നാമതെത്തും. ഇപ്പോൾ ഒരു പൗരനു വീടെന്ന സ്വപ്നം അതി വേഗം സാക്ഷാത്ക്കരിക്കാൻ സാധിക്കുന്നുണ്ട്.

ഇൻഫർമേഷൻ ടെക്നോളജിയുടെ കാര്യത്തിൽ ലോകത്ത് വൻ നേട്ടമാണു നമുക്ക് സാധ്യമായിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ വേഗതയുള്ള ഇൻ്റർനെറ്റ് സംവിധാനമുള്ള പത്ത് രാജ്യങ്ങളിൽ ഒന്നാണു സൗദി.

പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് സൗദിയുടെ വളർച്ചയിലെ പ്രധാന എഞ്ചിൻ ആണ്. നേരത്തെയുണ്ടായിരുന്ന ലക്ഷ്യമായ 560 ബില്യൺ മൂലധനത്തിൽ നിന്ന് 1.3 ട്രില്ല്യൺ റിയാലിലേക്ക് ഫണ്ട് ഉയർത്താൻ സാധിച്ചു. നിലവിൽ ഫണ്ടിൻ്റെ ആസ്തി 7 ട്രില്യൻ റിയാലും കവിഞ്ഞു. പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വഴിയുള്ള നിക്ഷേപത്തിൽ നിന്നും 70 ശതമാനം മുതൽ 140 ശതമാനം വരെ വരുമാനമുണ്ട്.

അഴിമതി കഴിഞ്ഞ ദശാബ്ദങ്ങളായി സൗദിയെ വരിഞ്ഞ് മുറുക്കിയ കാൻസറായിരുന്നു. 15 ശതമാനം രാജ്യത്തിൻ്റെ സമ്പത്ത് അഴിമതിയിൽ മുങ്ങിയതിനാൽ വികസനത്തിൻ്റെ 15 ശതമാനം വരെ അത് മുരടിപ്പിച്ചു. വികസനത്തിൻ്റെ ഏറ്റവും വലിയ ശത്രുവാണു അഴിമതി. ഏത് വലിയവനായാലും ചെറിയവനായാലും ഇനി മുതൽ അഴിമതി വെച്ച് പൊറുപ്പിക്കില്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മാത്രം അഴിമതി വേട്ടയിലൂടെ തിരിച്ചു പിടിച്ചത് 247 ബില്ല്യൻ റിയാലാണ്. ഇതിനു പുറമെ ബില്യൻ കണക്കിനു ആസ്തി ധനകാര്യവകുപ്പിലേക്ക് കണ്ടെത്തിയിട്ടുമുണ്ട്.

കഴിഞ്ഞ 40 വർഷമായി കാണുന്ന തീവ്ര ഐഡിയോളജികൾ മാറ്റുമെന്ന് പറഞ്ഞത് നടപ്പാക്കാൻ ഒരു വർഷം കൊണ്ട് തന്നെ നമുക്ക് സാധിച്ചു. തീവ്രവാദത്തിനു സൗദിയിൽ ഒരു സ്ഥാനവുമുണ്ടാകില്ല. മതത്തിൻ്റെ മേലങ്കി മൂടിക്കൊണ്ട് ചില ബാഹ്യശക്തികളിൽ നിന്ന് വരുന്ന തീവ്രവാദ ആശയങ്ങളെയും പെരുമാറ്റങ്ങളെയും നേരിടുന്നത് തുടരും. എല്ലാ തരത്തിലുള്ള തീവ്രവാദത്തെയും രാജ്യം നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു.

അതോടൊപ്പം രാജ്യം എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ് ഘടനയെ വൈവിദ്ധ്യവത്ക്കരിക്കുന്നതിനായാണ് പരിശ്രമിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്