അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് പൂർണ്ണമായും നീക്കുന്നത് വരെ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനാകില്ല
ജിദ്ദ: ടൂറിസ്റ്റ് വിസയിലുള്ളവർക്ക് നിലവിൽ സൗദിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന കാര്യം തറപ്പിച്ച് സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലർ.
സൗദിയിൽ നിന്ന് വിമാന സർവീസുകൾ നടത്തുന്ന വിമാനകമ്പനികൾക്കുള്ള സർക്കുലറിലാണ് സിവിൽ ഏവിയേഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് പൂർണ്ണമായും നീക്കുന്നത് വരെ ടൂറിസ്റ്റ് വിസയിലുള്ള വിദേശികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്നാണു സിവിൽ ഏവിയേഷൻ്റെ സർക്കുലറിൽ അറിയിച്ചിട്ടുള്ളത്.
അതേ സമയം നേരത്തെ സ്റ്റാംബ് ചെയ്ത വിസിറ്റിംഗ് വിസയുമായി മലയാളി കുടുംബങ്ങളടക്കമുള്ള വിദേശികൾ സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇന്ത്യക്കാരാണെങ്കിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയവരാകാൻ പാടില്ല എന്ന നിബന്ധന വിസിറ്റിംഗ് വിസക്കാർക്കും ബാധകമാകും.
അടുത്ത വർഷാദ്യം മുതൽ ടൂറിസം വിസയിൽ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ: അഹ്മദ് അൽ കാതിബ് സെപ്തംബർ അവസാനത്തിൽ പ്രഖ്യാപിച്ചിരുന്നു.
2019 സെപ്തംബർ മുതലായിരുന്നു 49 രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസയും ഇ വിസയുമെല്ലാം അനുവദിച്ച് കൊണ്ട് സൗദി ടൂറിസം പോളിസി പരിഷ്ക്കരിച്ച് ഉത്തരവിറങ്ങിയത്.
2030 ആകുന്നതോടെ സൗദിയുടെ ആഭ്യന്തരോത്പാദനത്തിൻ്റെ 10 ശതമാനവും ടൂറിസം മേഖലയിൽ നിന്നായിരിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.
കൊറോണ വ്യാപനത്തിൻ്റെ തുടക്കത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതലായിരുന്നു സൗദിയിലേക്ക് ടൂറിസം വിസയിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa