എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ കഫീലിനു സാധിക്കുമോ ? എക്സിറ്റ് ലഭിച്ചിട്ടും തൊഴിലാളി സൗദി വിട്ട് പോയില്ലെങ്കിൽ കഫീൽ എന്ത് ചെയ്യും ?
ജിദ്ദ: സൗദിയിൽ ഒരു തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകിയ ശേഷം അയാളെ ഹുറൂബാക്കാൻ കഫീലിനു സാധിക്കുമോ എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും മെസ്സേജുകൾ വഴി ചോദിക്കുന്നുണ്ട്.
ഫൈനൽ എക്സിറ്റ് വിസ നില നിൽക്കേ ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ സാധിക്കില്ല എന്നാണു സൗദി ജവാസാത്ത് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
അതോടൊപ്പം ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ ഇഖാമ കാലാവധിയുള്ളതായിരിക്കുകയും ഹുറൂബ് ആക്കുന്നത് ആദ്യത്തെ തവണയായിരിക്കുകയും വേണമെന്നതും നിബന്ധനയാണ്.
ഒരു തൊഴിലാളിയെ ഹുറൂബാക്കി 15 ദിവസത്തിനുള്ളിൽ ഡീപോർട്ടേഷൻ സെൻ്ററിൽ ചെന്ന് ഹുറൂബ് ഒഴിവാക്കാൻ സ്പോൺസർക്ക് സാധിക്കും.
അതേ സമയം അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് തെളിയിക്കാൻ ഒരു തൊഴിലാളിക്ക് സാധിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ഹുറൂബ് ഒഴിവാക്കി സ്പോൺസർഷിപ്പ് മാറാനും സൗദി തൊഴിൽ നിയമം അനുവദിക്കുന്നുണ്ട്.
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒരു തൊഴിലാളി കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകിയിട്ടുണ്ട്.
ഒരു തൊഴിലാളിക്ക് എക്സിറ്റ് നൽകുക മാത്രമല്ല അയാൾ രാജ്യം വിട്ടെന്ന് ഉറപ്പ് വരുത്തേണ്ടതും ഒരു തൊഴിലുടമയുടെ ചുമതലയാണെന്ന് ഓർമ്മപ്പെടുത്തിയ ജവാസാത്ത് അഥവാ എക്സിറ്റ് നൽകിയ തൊഴിലാളിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെങ്കിൽ അയാളുടെ എക്സിറ്റ് വിസ കാൻസൽ ചെയ്ത ശേഷം ഹുറുബായി പ്രഖ്യാപിക്കാമെന്നാണു മറുപടി നൽകിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa