കർഷക സമരത്തിന് നവോദയയുടെ ഐക്യദാർഢ്യം.
റിയാദ്: കുത്തകമുതലാളിമാർക്കുവേണ്ടി നിർമ്മിച്ച കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് നവോദയ റിയാദ് പിന്തുണയും ഐക്യദാർഢ്യവും രേഖപ്പെടുത്തി. കർഷകർക്ക് പിന്തുണ അറിയിച്ചുള്ള പ്ലക്കാർഡ് ഉയർത്തിയാണ് നവോദയ ഐക്യദാർഢ്യം രേഖപ്പെടുത്തിയത്.
1955ലെ അവശ്യ സാധന നിയമം ഭേദഗതി ചെയ്തും, കരാര്‍ കൃഷിക്ക് പുതിയ നിയമം കൊണ്ടുവന്നും രാജ്യത്തിന്റെ സര്‍വ്വ മേഖലകളും കൂടുതലായി കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുകയാണ്. അവശ്യ വസ്തുക്കള്‍ പരിധിയില്ലാതെ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട ഇടനില കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെക്കാനും കരിഞ്ചന്ത കച്ചവടം നടത്താനും കഴിയുന്നു. രാജ്യത്തെ സാധാരണക്കാരായ കർഷകരുടെ നട്ടെല്ലൊടിക്കുന്നതാണ് കേന്ദ്ര സർക്കാർ പാസ്സാക്കിയ പുതിയ കാർഷിക നിയമങ്ങൾ.
തികച്ചും ന്യായമായ സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾ നടത്തിയ കേന്ദ്ര സർക്കാർ കർഷകരുടെ നിശ്ചയദാർഢ്യത്തിനുള്ള മുന്നിൽ അടിപതറിയിരിക്കുന്നു. ജനകീയ സമരങ്ങളോട് എന്നും നിഷേധാത്മക സമീപനം പുലർത്തിയിട്ടുള്ള സംഘ് പരിവാർ സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഓരോ ദിവസവും ജനപിന്തുണയേറുന്ന ഈ സമരം.
സമരത്തിന്റെ മുൻനിരയിൽതന്നെ ഇടതുപക്ഷ കർഷക സംഘടനകൾ ഉണ്ട്. കേന്ദ്ര സർക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങൾക്കുമുള്ള ശക്തമായ ഒരു താക്കീതായി ഈ സമരം മാറാൻ എല്ലാജനങ്ങളും നമുക്ക് അന്നം തരുന്ന കർഷകരെ പിന്തുണയ്ക്കണമെന്ന് നവോദയ അഭ്യർത്ഥിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡണ്ട് ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബാബുജി, വിക്രമലാൽ, ശ്രീരാജ്, ഷാജു പത്തനാപുരം, ഹാരിസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
