Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രാ നിരോധനം കൂടുതൽ നീളാൻ സാധ്യതയില്ലെന്ന് സൂചന; അതിർത്തികൾ തുറക്കാൻ വൈകിയാൽ പ്രവാസികൾ കൂടുതൽ പ്രയാസത്തിലാകും

ജിദ്ദ: ജനിതക മാറ്റം സംഭവിച്ച കൊറോണ വ്യാപനം ഭയന്ന് കൊണ്ട് സൗദിയടക്കമുളള ചില ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടച്ച നടപടി ഇനിയും നീണ്ടാൽ നിരവധി പ്രവാസികൾ വലിയ പ്രയാസത്തിലായേക്കും.

നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പോകാൻ സാധിക്കാത്തതിനാൽ 14 ദിവസം ദുബൈയിലും മറ്റും താമസിച്ച് പോകുന്നവരാണു കൂടുതൽ ബുദ്ധിമുട്ടിലാകുക.

പലരും പല കാരണങ്ങൾ കൊണ്ടും നാട്ടിൽ ഇനിയും തുടരാൻ സാധിക്കാത്ത സ്ഥിതി ഉടലെടുത്തപ്പോഴാണു സൗദിയിലേക്ക് 14 ദിവസം യു എ ഇയിൽ തങ്ങിക്കൊണ്ട് മടങ്ങാാൻ തീരുമാനിച്ചത്. എന്നാൽ പെട്ടെന്നുള്ള അതിർത്തി അടക്കൽ ഇവരെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

അതോടൊപ്പാം ജനുവരിയിൽ നേരിട്ട് സൗദിയിലേക്ക് പറക്കാമെന്ന പ്രതീക്ഷയിൽ ഇത് വരെ ക്ഷമിച്ച് നാട്ടിൽ നിന്ന പ്രവാസികൾക്കും അതിർത്തികൾ ഉടൻ തുറന്നില്ലെങ്കിൽ വലിയ പ്രയാസം നേരിടേണ്ടി വരും.

എന്നാൽ നിലവിലെ അന്താരാഷ്ട്ര യാത്രാ നിരോധാനം കൂടുതൽ വൈകില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഇപ്പോൾ കാണപ്പെടുന്ന ജനിതക മാറ്റം വന്ന വൈറസ് നേരത്തെയുള്ളതിനേക്കാൾ വലിയ അപകടകാരിയല്ലെന്ന നിഗമനത്തിലാണു സൗദി ആരോഗ്യ വകുപ്പുള്ളത് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

അതോടൊപ്പം നിലവിൽ നൽകുന്ന ഫൈസർ വാക്സിൻ പുതിയ വകഭേദം വന്ന വൈറസിനും ഫലപ്രദമാണെന്ന് ഫൈസർ കംബനി തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സൗദി അന്താരാഷ്ട്ര അതിർത്തികൾ അടച്ചതിനു ശേഷവും സൗദിക്കകത്ത് പ്രത്യേക നിയന്ത്രണങ്ങൾ നടത്തുന്നില്ല എന്നതും ഈ സന്ദർഭത്തിൽ പ്രത്യേകം ശ്രദ്ധേയമാണ്.

നിലവിലെ സാഹചര്യങ്ങളും വൈറസിന്റെ വക ഭേദവും ആരോഗ്യ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണമെങ്കിലും ആവശ്യമെങ്കിൽ ഒരാഴ്‌ചത്തേക്ക് കൂടി അതിർത്തികൾ അടച്ചിട്ടേക്കാം. ഏതായാലും നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിരോധനം കൂടുതൽ ദിവസം നീളാൻ സാധ്യതയില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്