Monday, May 5, 2025
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും പുതുക്കാത്തതിൽ ആശങ്കയറിയിച്ച് നിരവധി പ്രവാസികൾ; മറുപടി നൽകി ജവാസാത്ത്

ജിദ്ദ: ഇഖാമയും റി എൻട്രിയും സെപ്തംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രഖ്യാപനം വന്നിട്ട് നാളേറെക്കഴിഞ്ഞിട്ടും ഇനിയും പുതുക്കാത്തതിൽ പ്രവാസികൾ ജവാസാത്തിനോട് ട്വിറ്റർ അക്കൗണ്ടിലൂടെ ആശങ്കയറിയിച്ച് കൊണ്ടിരിക്കുന്നു.

പലർക്കും ആഗസ്ത് 31 വരെയാണു പുതുക്കി ലഭിച്ചത്. ചിലർക്ക് ജൂലൈ 31 വരെ പുതുക്കിയതിനു ശേഷം പിന്നീട് പുതുക്കിയിട്ടില്ല. അതേ സമയം പല പ്രവാസികൾക്കും സെപ്തംബർ 30 വരെ ഇഖാമയും റി എൻട്രിയും പുതുക്കി ലഭിക്കുകയും ചെയ്തിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് സെപ്തംബർ 30 വരെ ഇഖാമയോ റി എൻട്രിയോ പുതുക്കി ലഭിക്കാത്ത നിരവധി പ്രവാസികൾ ജവാസത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നതിനെക്കുറിച്ച് സ്ഥിരീകരണം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.

സെപ്തംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കുന്ന നടപടികൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അതിനു വേണ്ടി ജവാസാത്തിൻ്റെ ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നുമാണ് ജവാസാത്ത് ചോദ്യങ്ങൾക്ക് മറുപടിയായി നൽകിക്കൊണ്ടിരിക്കുന്നത്.

പ്രവാസികൾക്ക് പുറമെ സൗദി സ്പോൺസർമാരും ഇതേ ചോദ്യം ജവാസാത്തിനോട് ചോദിക്കുംബോഴും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന മറുപടി തന്നെയാണു ജവാസാത്ത് നൽകുന്നത്.

അതേ സമയം ജവാസാത്ത് പുതുക്കുമെന്ന പ്രതീക്ഷയിൽ പല പ്രവാസികളും 14 ദിവസം ക്വാറൻ്റീനിൽ കഴിയാനായി ദുബൈയിലേക്കും മറ്റും പറക്കാനിരിക്കുന്നുണ്ട്. ഇത്തരത്തിൽ പോകുന്നവർ ഏതെങ്കിലും സാഹചര്യത്തിൽ ഓട്ടോമാറ്റിക്കായി പുതുക്കാതിരുന്നാൽ മാനുവൽ ആയി അബ്ഷിർ വഴിയോ മുഖീം വഴിയോ പണം നൽകി പുതുക്കുന്നതിനുള്ള സംവിധാനങ്ങൾ കഫീലുമായി ബന്ധപ്പെട്ട് തയ്യാറാക്കി വെക്കുന്നത് നല്ലതാണ്.

എന്നാൽ ചിലരുടെ കഫീലുമാർ സഹകരിക്കാത്തവരും റെഡ് ലിസ്റ്റിൽ ഉള്ളവരുമുണ്ട്. അവർക്ക് ഓട്ടോമാറ്റിക്കായി പുതുക്കി ലഭിക്കുക മാത്രമേ രക്ഷയുള്ളൂ. അത്തരത്തിൽ ഉള്ളവരാണ് ഈ സാഹചര്യത്തിൽ കുടുങ്ങിപ്പോകുന്നത്. അങ്ങനെയുള്ള പലരും വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി ദുബൈയിലേക്കും മറ്റും പോകാനിരിക്കുന്നുമുണ്ട്. നേരത്തെ അത്തരത്തിൽ മാലിദ്വീപിലേക്കും ഖത്തറിലേക്കും പോയി അവസാന നിമിഷം ഓട്ടോമാറ്റിക്കായി പുതുക്കി സൗദിയിലേക്ക് പോയ പലരും ആ സന്തോഷം അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്