Saturday, November 30, 2024
Saudi ArabiaTop Stories

മരിച്ച സൗദി സഹോദരിയുടെ പേരിൽ ആൾമാറാട്ടം നടത്തിയ വിദേശ വനിത സഹോദരിയുടെ ഐഡിയിൽ സൗദിയിൽ ജീവിച്ചത് 19 വർഷം

റിയാദ്: മരിച്ചുപോയ തൻ്റെ സൗദി സഹോദരിയെപ്പോലെ ആൾമാറാട്ടം നടത്തി 19 വർഷം സൗദി അറേബ്യയിൽ സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിച്ച ഒരു വിദേശ വനിത സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിൽ.

സ്ത്രീ മരിച്ചുപോയ തൻ്റെ സൗദി സഹോദരിയുടെ ഐഡി ദുരുപയോഗം ചെയ്തതായി സംശയിക്കുന്ന ഒരു ബന്ധുവായ സ്ത്രീ ഇവർ തമ്മിലുള്ള ഒരു അസ്വരാസ്യത്തിൻ്റെ കാരണമായി വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ആദ്യം തൻ്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച സ്ത്രീ പിന്നീട് തൻ്റെ സഹോദരിയുടെ ഭർത്താവിൻ്റെ ഒത്താശയോടെയായിരുന്നു താൻ ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സ്ത്രീയുടെ സഹോദരിയെ സൗദി പൗരൻ വിവാഹം കഴിക്കുകയും സഹോദരിക്കും സൗദി പൗരത്വം ലഭിക്കുകയും ചെയ്തു. പിന്നീട് സഹോദരിക്ക് അസുഖം ബാധിച്ചപ്പോൾ അവർ നാട്ടിലേക്ക് പോകുകയും നാട്ടിൽ വെച്ച് മരിക്കുകയുമായിരുന്നു.

തുടർന്ന് സഹോദരിയുടെ ഭർത്താവ് ആൾമാറാട്ടം നടത്തിയ സ്ത്രീയെ വിവാഹം കഴിക്കുകയും സൗദിയിലേക്ക് തൻ്റെ മരിച്ച ഭാര്യയുടെ ഐഡൻ്റിറ്റിയിൽ കൊണ്ട് വരികയും ചെയ്തു.

ഭർത്താവ് പിന്നീട് സൗദിയിൽ വെച്ച് മരിക്കുകയും സ്ത്രീ തൻ്റെ സഹോദരിയുടെ ഐഡൻ്റിറ്റിയിൽ സൗദി പൗരയെന്ന വ്യാജേന സൗദിയിൽ തുടരുകയും ചെയ്യുകയായിരുന്നു.

കുടുംബവുമായി അടുപ്പമുള്ളവർക്ക് മാത്രമേ ആൾമാറാട്ടം അറിയൂവെന്നും അവരുടെ ബന്ധുക്കളിൽ ഒരാൾ വ്യക്തിപരമായ തർക്കത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നതുവരെ ആൾമാറാട്ടം തുടർന്നുവെന്നും സ്ത്രീ പറഞ്ഞു.

ആർട്ടിക്കിൾ 19 ക്രിമിനൽ നടപടിക്രമങ്ങൾ പ്രകാരം വ്യാജ രേഖ ഉപയോഗിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്