Tuesday, September 24, 2024
Saudi ArabiaTop Stories

അഞ്ച് വർഷം ഒട്ടക ജീവിതം നയിച്ച ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി

റിയാദ്: കഴിഞ്ഞ അഞ്ച് വർഷമായി ഒട്ടകങ്ങളോടൊപ്പം മരുഭൂമിയിൽ കഴിഞ്ഞ ഇന്ത്യക്കാരനെ എംബസിയും സാമൂഹിക പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി.

മഹാരാഷ്ട്ര സ്വദേശിയായ സിദേശ്വറിനാണു അഞ്ച് വർഷം നീണ്ട ഒട്ടകങ്ങൾക്കൊപ്പമുള്ള ജീവിതത്തിൽ നിന്ന് മോചനമായത്.

റിയാദിൽ നിന്ന് അഞ്ഞൂറ് കിലോമീറ്ററോളം അകലെ റോഡ് മാർഗം സഞ്ചരിച്ചും ശേഷം മരുഭൂമിയിലൂടെ സഞ്ചരിച്ചും മാത്രം എത്തിപ്പെടാനാകുന്ന സ്ഥലത്തായിരുന്നു സിദേശ്വർ ഉണ്ടായിരുന്നത്.

തോട്ടം തൊഴിലാളി വിസയിൽ റിയാദിലെത്തിയ സിദേശ്വറിനെ സ്പോൺസർ ആദ്യം പശുക്കൾക്ക് തീറ്റ കൊടുക്കുന്ന ജോലി ഏൽപ്പിക്കുകയും പിന്നീട് ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിക്കായി മരുഭൂമിയിലേക്ക് മാറ്റുകയുമായിരുന്നു.

ഒട്ടകങ്ങളുമായി തീറ്റ തേടിക്കൊണ്ട് എല്ലാ ദിവസവും മരുഭൂമിയിലെ വ്യത്യസ്ത ഏരിയകളിലേക്ക് അലയണം. രാത്രിയായാൽ എത്തിപ്പെടുന്ന സ്ഥലത്ത് തങ്ങും.

ഒട്ടകങ്ങൾക്ക് വെള്ളവുമായി എപ്പോഴെങ്കിലും വരുന്ന സമയത്ത് മാത്രം സ്പോൺസർ ഒരു നേരത്തെ ഭക്ഷണം സിദേശ്വറിനു നൽകും. ഒട്ടകങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും ഒട്ടകങ്ങൾ എവിടെയെങ്കിലും ഇരുന്നാലും 200 റിയാൽ മുതൽ സാലറിയിൽ നിന്ന് സ്പോൺസർ കട്ട് ചെയ്യുകയും ചെയ്യും.

തുടർച്ചയായി സാലറി കട്ട് ചെയ്ത് അവസാനം തീരെ ശംബളം ലഭിക്കാതാകുകയും ചെറിയ കാര്യങ്ങൾക്ക് പോലും സ്പോൺസർ ഉപദ്രവിക്കാനും തുടങ്ങിയപ്പോൾ നാട്ടിലേക്ക് വിടണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടു.

എന്നാൽ സ്പോൺസർ ഇദ്ദേഹത്തിനെതിരെ വാഹന മോഷണക്കേസ് ചുമത്തി കുടുക്കുകയായിരുന്നു ചെയ്തത്. അവസാനം ജോലിയിലേക്ക് മടങ്ങാമെന്ന് സമ്മതിച്ചപ്പോൾ കേസ് പിൻ വലിച്ച് വീണ്ടും മരുഭൂമിയിലേക്ക് അയക്കുകയായിരുന്നു.

ഇഖാമ കാലാവധി കഴിയുകയും ഭക്ഷണം പോലും കിട്ടാതാകുകയും ചെയ്തപ്പോൾ തൻ്റെ പ്രശ്നങ്ങൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും സിദേശ്വർ അറിയിച്ചതായിരുന്നു സംഭവത്തിൽ വഴിത്തിരിവായത്.

സ്വിദേശറിൻ്റെ മഹാരാഷ്ട്രയിലെ സുഹൃത്ത് സാബിർ പ്രശ്നം റിയാദ് ഇന്ത്യൻ എംബസിയിൽ ബോധിപ്പിക്കുകയും കേസിൽ ഇടപെടാൻ എംബസി കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

സിദ്ദീഖ് തുവ്വൂർ സ്പോൺസറെ ഫോൺ ചെയ്തപ്പോൾ സ്പോൺസർ എംബസി ഇടപെടൽ നടന്ന് കഴിഞ്ഞതായി മനസിലാക്കി സിദേശ്വറിനെ ഒരു തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സിദ്ദീഖും സിദേശ്വറിൻ്റെ സുഹൃത്ത് സാബിറും ചേർന്ന് തോട്ടത്തിലെത്തി സ്വദേശ്വറുമായി റിയാദിലേക്ക് പോന്നു.

ബാക്കിയുള്ള വേതന കുടിശ്ശികകൾ ലഭിച്ച് നാട്ടിൽ പോകാനായി ഫൈനൽ എക്സിറ്റിനായി എംബസിയിൽ
അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണു സിദേശ്വറിപ്പോൾ.

സിദ്ദീഖിനെ സഹായിക്കാനായി യൂസുഫ് പെരിന്തൽ മണ്ണയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ എം ആർ സജീവ്, ശ്യാം സുന്ദർ, ആശിഖ് തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്