Tuesday, November 26, 2024
Saudi ArabiaTop Stories

13 പ്രൊഫഷനുകളിലെ സൗദിവത്ക്കരണം പ്രാബല്യത്തിൽ; പ്രൊഫഷനുകൾ അറിയാം; പുതിയ സൗദിവത്ക്കരണ നിബന്ധനയിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതുണ്ടോ?

മാർക്കറ്റിംഗ് മേഖലയിൽ ബാധകമായ 13 പ്രൊഫഷനുകളിലെ സൗദിവത്ക്കരണം പ്രാബല്യത്തിൽ വന്നതോടെ നിരവധി പ്രവാസികൾ ഭാവിയെക്കുറിച്ച് ആശങ്കകൾ പങ്ക് വെക്കുന്നതായി കാണുന്നുണ്ട്.

പലരും പെട്ടെന്ന് സൗദിവത്ക്കരണം വരാൻ സാധ്യതയില്ലാത്ത മേഖലയാണെന്ന ധാരണയിൽ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിലേക്ക് നേരത്തെ ഇഖാമ പ്രൊഫഷൻ മാറ്റിയവരായിരുന്നു എന്നതാണ് കാരണം.

‘ഇഖ്തിസ്വാസി തസ് വീഖ്’ അഥവാ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് എന്ന പ്രൊഫഷനിലേക്ക് മാത്രം നുറ് കണക്കിന് മലയാളികൾ തന്നെ ഇഖാമ പ്രൊഫഷൻ മാറ്റിയതായി അറിയാം.

ഇത്തരത്തിൽ സുരക്ഷിതമെന്ന് കരുതി പ്രൊഫഷനുകൾ മാറ്റിയ പ്രവാസികളാണിപ്പോൾ പുതിയ നിബന്ധനകളുമായി ബന്ധപ്പെട്ട് അറേബ്യൻ മലയാളിയുമായി ആശങ്ക പങ്ക് വെക്കുന്നത്.

എന്നാൽ നിലവിൽ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട സൗദിവത്ക്കരണ നിയമം കൂടുതൽ പ്രവാസികളെയും സാരമായി ബാധിക്കില്ല എന്നാണ്‌ മനസ്സിലാക്കാൻ സാധിക്കുന്നത്.

കാരണം, പ്രധാനമായും ഈ മേഖലയിൽ സൗദിവത്ക്കരണം 30 ശതമാനം ആണ്‌ അധികൃതർ നിശ്ചയപ്പെടുത്തിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്‌.

30 ശതമാനം സൗദിവത്ക്കരണം ബാധകമാകണമെങ്കിൽ പോലും മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന അഞ്ചോ അതിലധികമോ തൊഴിലാളികൾ സ്ഥാപനത്തിൽ ഉണ്ടായിരിക്കണം എന്നത് നിബന്ധനയുമാണ്‌.

ചുരുക്കത്തിൽ വലിയ കംബനികളിലെ ചെറിയ ശതമാനം വിദേശികളെ മാത്രമേ പുതിയ 30 ശതമാന സൗദിവത്ക്കരണം ബാധിക്കുകയുള്ളൂ എന്നാണ്‌ മനസ്സിലാകുന്നത്.

അത് കൊണ്ട് തന്നെ ചെറുകിട മാർക്കറ്റിംഗ് പ്രൊഫഷനുകളുള്ള കുറഞ്ഞ ആളുകൾ ഉള്ള മുഅസ്സസകളുടെ കീഴിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആശങ്ക പുലർത്തേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം.

2022 മെയ് 8 മുതലാണ് മാർക്കറ്റിംഗ് പ്രൊഫഷനുമായി ബന്ധപ്പെട്ട തൊഴിലുകളിൽ 30 ശതമാനം സൗദിവത്ക്കരണം പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് 30% സൗദിവത്ക്കരണം ബധകമായ 13 പ്രൊഫഷനുകൾ താഴെ കൊടുക്കുന്നു.

മാർക്കറ്റിങ് സെയിൽസ് എക്സ്പെർട്ട്, മാർക്കറ്റിംഗ് മാനേജർ, കൊമേഴ്സ്യൽ ഇൻഫർമേഷൻ ആൻ്റ് മാർക്കറ്റിംഗ് റിസർച്ച് മാനേജർ, ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അഡെർട്ടൈസിംഗ് ഡിപാർട്ട്മെൻ്റ് ഡയറക്ടർ, ആഡ് പബ്ളിഷിംഗ് എഡിറ്റർ, ആഡ് ഡിസൈനർ, ആഡ് ഏജൻ്റ്, കൊമേഴ്സ്യൽ അഡ്വെർട്ടൈസിംഗ് ഫോട്ടോഗ്രാഫർ, കൊമേഴ്സ്യൽ ആർട്ടിസ്റ്റ്, അഡ്വർട്ടൈസിംഗ് ആൻ്റ് പബ്ളിക് റിലേഷൻസ് മാനേജർ, അഡ്വൈർട്ടൈസിംഗ് എഡിറ്റർ എന്നിവയാണ് മാർക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് 30% സൗദിവത്ക്കരണം ബാധകമാകുന്ന 13 ഇഖാമ പ്രൊഫഷനുകൾ.

അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ടിംഗ് ജോലികളുമായി ബന്ധപ്പെട്ട താഴെ പരാമർശിക്കുന്ന 8 ഇഖാമ പ്രൊഫഷനുകളിലും മെയ് 8 മുതൽ 100 ശതമാനം സൗദിവത്ക്കരണം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നിവയാണ് 100 ശതമാനം സൗദിവത്ക്കരണം ബാധകമായ 8 പ്രൊഫഷനുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്