സവർണ്ണ സംവരണം ജനാധിപത്യത്തെ തകർക്കാൻ : പ്രവാസി സാംസ്കാരിക വേദി
കേന്ദ്ര ഗവണ്‍മെന്റിന്റെ സംവരണ നിയമം ജനാധിപത്യത്തെ തകർക്കാനുദ്ദേശിച്ചുള്ളതാണെന്ന് പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജിയണൽ കമ്മറ്റി പ്രസ്താവിച്ചു. അർധരാത്രിയിലെ നോട്ട് നിരോധം പോലെ സവർണ്ണ സംവരണ നിയമവും പൊടുന്നനെ അടിച്ചേൽപിക്കുകയാണ് ഉണ്ടായത്. ഇത് കേവലം ഇലക്ഷൻ തന്ത്രമല്ല. വൻ പ്രത്യാഘാതങ്ങൾ ലാക്കാക്കി കുടിലബുദ്ധിയോടെയുള്ള നീക്കമാണ്. സവർണ സംവരണത്തെ എതിർത്ത പാർട്ടികൾ വരെ ഇതിനെ ഇലക്ഷൻ സ്റ്റണ്ടായി കാണുന്നു. ഇത് തെറ്റായ സമീപനമാണ്. വിവേചനവും ജാതി അസമത്വങ്ങളും സ്വാഭാവികമായ ഇന്ത്യയിൽ, എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായാൽ മാത്രം ജനാധിപത്യം പൂർണമാകില്ല. അത് മനസ്സിലാക്കിയ ഭരണഘടനാ ശിൽപികളാണ് സംവരണം അവകാശമായി വ്യവസ്ഥ ചെയ്തത്. അതിനെ തകർക്കാനുള്ള നീക്കം ചെറുക്കണം.
ബ്രിട്ടീഷ് ഭരണത്തിന്റെ രൂപത്തിൽ വൈദേശിക കോളനീകരണത്തിനും ജാതീയതയുടെ രൂപത്തിൽ ആഭ്യന്തര കോളനിവൽക്കരണത്തിനും ഒരേസമയം വിധേയമായ രാജ്യമാണ് ഇന്ത്യ. അതിനാൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ തന്നെ സമാന്തരമായി ആഭ്യന്തര കൊളോണിയലിസമായ ജാതിവിവേചനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളും ഇന്ത്യയിൽ ഒരേസമയം നടന്നിട്ടുണ്ട്. തദടിസ്ഥാനത്തിലുള്ള ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയിൽ അവർണ്ണ പിന്നാക്ക സമുദായങ്ങൾക്ക് അധികാരപങ്കാളിത്തം എന്നനിലക്ക് സംവരണം അനുവദിച്ചു കിട്ടിയിട്ടുള്ളത്. ഇതിനെതിരെ തക്കം പാർത്ത്കഴിയുന്ന സവർണരാൽ നയിക്കപ്പെടുന്ന ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ മുൻപും ഇത് അട്ടിമറിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. 1931 ലെ പൂന പാക്ടും കേരളത്തിലെ ആദ്യ സർക്കാർ ഭരണ പരിഷ്കരണ സമിതിയുടെ ശുപാര്‍ശകളും ഇതിന്റെ ഉദാഹരണങ്ങളാണ്.
ഇപ്പോൾ കേരള അഡ്മിനിസ്ട്രേഷൻ സർവീസിലെ അട്ടിമറിയും, സാമ്പത്തിക സംവരണം എന്ന ഓമനപേരിൽ ഇപ്പോൾ സവർണ സംവരണം നടപ്പാക്കാൻ ശ്രമിക്കുന്നതും ഇന്ത്യയിലെ ഭരണഘടനാ മൂല്യങ്ങൾക്കും ഇന്ത്യയെന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിനും വിരുദ്ധമാണ്. ഫാസിസ്റ്റ് ഗവൺമെൻറ് അത്തരമൊരു നീക്കം നടത്തുന്നത് മനസ്സിലാക്കാം. ഇന്ത്യയെ പഴയ ജാതിവ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനു വേണ്ടിയാണ് അവർ പണിയെടുത്തു കൊണ്ടിരിക്കുന്നത്. എന്നാൽ സാമൂഹ്യനീതിയെ കുറിച്ചും അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചും നിരന്തരം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഇടതു കക്ഷികളും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ സവർണ്ണ സംവരണത്തിന് അനുകൂലമായ നയം പാർലമെന്റിനകത്തും പുറത്തും സ്വീകരിക്കുന്നത് പുറമ്പൂച്ചുകൾക്കപ്പുറത്ത് അവരുടെ ഉള്ളിലെ സവർണ മാടമ്പി കൊളോണിയൽ മനസ്ഥിതി വെളിവാക്കുന്നതാണ്. നീതിയെ കുറിച്ചുള്ള സ്വന്തം വാചകങ്ങളിൽ അശേഷം പ്രതിബദ്ധത ഉണ്ടെങ്കിൽ അത്തരം പാര്‍ട്ടികൾ സവർണ സംവരണത്തെ അനുകൂലിക്കുന്ന നയത്തിൽ നിന്ന് പിന്മാറണമെന്ന് റീജിയണൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു .
സർക്കാറുകളുടെയും മറ്റ് അധികാരസ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുള്ള വിവേചനങ്ങൾ നേരിട്ടനുഭവിക്കുന്ന പ്രത്യേകവിഭാഗം എന്നുള്ള നിലക്ക് പ്രവാസി സമൂഹം ഇക്കാര്യത്തിൽ പിന്നാക്ക ജനതയുടെ കൂടെ നിൽക്കണമെന്നും പ്രവാസലോകത്ത് നിന്നും സവർണ സംവരണനയത്തിനെതിരിൽ യോജിച്ച ശബ്ദം ഉയരണമെന്നും പ്രവാസി സാംസ്കാരികവേദി ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. മുഹ്‌സിൻ ആറ്റാശ്ശേരി പ്രമേയം അവതരിപ്പിച്ചു. ജംഷാദ് കണ്ണൂർ, റൗഫ് ചാവക്കാട്, ഫൈസൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa