Wednesday, November 27, 2024
Kerala

“ശുദ്ധജലം ജന്മാവകാശം”; വേറിട്ട പ്രചാരണവും പ്രവർത്തനവുമായി  യുവാവ്.

കുഞ്ഞിമുഹമ്മദ് കാളികാവ്

കാളികാവ്: ശുദ്ധജലം ജന്മാവകാശമാണ്. അതിന്റെ കരുതലും പരിപാലനവും ജനകീയമാക്കി വേറിട്ട പ്രചാരണവും പ്രവർത്തനവുമായി യുവാവ്. ഓരോ കുടുംബത്തിനും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ സേവനവുമായി അശ്റഫ് ദോസ്ത് എന്ന അന്താരാഷ്ട്ര ചാരിറ്റി പ്രവർത്തകനാണ് രംഗത്തുള്ളത്.

ജലസംരക്ഷണത്തിന്റെ പുതുസന്ദേശം പകര്‍ന്ന് നൽകുന്ന യുവാവ്  കിണര്‍ റീ ചാര്‍ജ്ജിങ്,ശുദ്ധജല സംരക്ഷണം, മലിനജലം ശുദ്ധീകരിക്കൽ, മഴവെള്ളക്കൊയ്ത്ത്, തുടങ്ങി ശുദ്ധജലത്തിന്റെ അമൂല്ല്യ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിവിധ പരിപാടികളാണ് നടപ്പാക്കി വരുന്നത്.

ശുദ്ധജലം അമൂല്യം” എന്ന സന്ദേശമുയര്‍ത്തി  ജല സംരക്ഷണ ക്യാമ്പിന്റെ ഭാഗമായി  കിണര്‍ നിര്‍മിക്കാന്‍ കഴിയാത്തവര്‍ക്കുള്ള ഫെറോസിമ്മന്റ് വാട്ടര്‍ ടാങ്ക്, വേസ്റ്റ് വാട്ടര്‍  ട്രീറ്റ് മെന്റ്, വീട്ടിലെ മാലിന്യത്തില്‍ നിന്നും ജൈവവള നിര്‍മാണ ടെക്‌നിക്ക്ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമായി അഷ്‌റഫ് ചെയ്ത് കൊടുക്കുന്നു. വെള്ളത്തിന്റെ  പരിശോധനകളും സൗജന്യമായി ചെയ്ത് കൊടുക്കുന്നു.

IMG-20190120-WA0035.jpg

ഒട്ടേറെ കുടുംബങ്ങൾക്ക് വരൾച്ചയെ പ്രതിരോധിക്കാനുള്ള തടയണ നിർമ്മിച്ച് വീണ്ടും മാതൃകയായി, ദോസ്ത്ത് ചാരിറ്റി ഓർഗനൈസേഷന്റെ പ്രവർത്തകർ അരിമണൽ പുഴയിൽ തടയണ നിർമ്മിച്ച് വരികയാണ്. നേരത്തെ ഈ പുഴയിൽ മറ്റൊരു തടയണയും നിർമ്മിച്ചിട്ടുണ്ട്. ശുദ്ധജല സംരക്ഷണ ബോധവൽക്കരണവുമായി വിവിധ പദ്ധതികൾ ട്രസ്റ്റ് അവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്.

മലപ്പുറം ജില്ലക്ക് അകത്തും പുറത്തുമായി 8400 ൽപ്പരം കിണർ റീചാർജിംഗ് പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. സ്കൂളുകൾ കോളേജുകൾ ക്ലബ്ബുകൾ എന്നിവിടങ്ങളിൽ ജല സംരക്ഷണ ക്ലാസ്സുകൾ എന്നിവയും പ്രവർത്തനത്തിന്റെ ഭാഗമാണ്. ഫാക്ടറിയിൽ നിന്നൊഴുകുന്ന മലിനജലത്തെ ശുദ്ധീകരിച്ച് തെളിനീരാക്കി മാറ്റി കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന വിദ്യയും അശ്റഫിന്റെ പക്കലുണ്ട്. കേരളത്തിലെ പ്രശസ്തമായ വൈറോൺ വാട്ടർ പ്യൂരിഫയിംഗ് കമ്പനിയുമായി ചേർന്നാണ് ജല ശുദ്ധീകരണ പ്രവൃത്തി നടത്തുന്നത്. പ്പൂരിറ്റി പരിശോധന സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്.

ദീർഘകാലം വിദേശത്ത് ജോലി ചെയ്തിരുന്നപ്പോൾ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഓടി നടന്നിരുന്ന ദോസ്ത് സുപരിചിതനാണ്. ഒട്ടേറെ അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മുൻ കേന്ദ്ര മന്ത്രി പി.എം സഈദിന്റെ കുടുംബ സുഹൃത്തായ അഷ്‌റഫ് ലക്ഷദ്വീപിന്റെ ദോസ്ത് എന്നാണു് അറിയപ്പെടുന്നത്.

ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കാളികാവ് അരിമണൽ സ്വദേശിയായ അഷ്‌റഫിന്റെ കുടുംബം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa