Saturday, September 21, 2024
Saudi ArabiaTop Stories

മരുച്ചൂടിലും കുളിർ മഴയായി സുനിലിൻ്റെ സ്നേഹ സ്പർശം

മരുഭൂമിയിൽ അകപ്പെട്ട സാബിറലിയെയും സുനിലിനെയും രക്ഷപ്പെടുത്താനായി എത്തിയ റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുന്നു. സിദ്ദീഖിന്റെ കുറിപ്പ് ഇങ്ങനെ വാായിക്കാം.

“ഖത്തറിലേക്ക് തൊഴിൽ വിസയിലെത്തി സ്പോൺസർ സൗദിയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ട് വന്ന് ഒട്ടകങ്ങളോടൊപ്പം  മരുഭൂമിയിലകപ്പെട്ട ഇന്ത്യക്കാരുടെ വിഷയം ഇന്ത്യൻ എമ്പസിയിൽ പരാതിയായി നൽകിയിരുന്നു.

സൗദി പോലീസിൻ്റെ സഹായത്തോടെ രണ്ട് ദിവസം മുമ്പ് ഞങ്ങൾക്കവരെ കണ്ടെത്താനായി. ഈ കേസിന്റെ തുടർ നടപടികൾക്ക് വേണ്ടിയാണ് ഇന്നലെ റിയാദിൽ നിന്ന് 400 കിലോമീറ്റർ ദൂരെയുള്ള  മരുഭൂമിയിലേക്ക് പോയത്.

രണ്ട് പേർ ജോലി ചെയ്യുന്ന ഇരുന്നൂറോളം ഒട്ടകങ്ങളുള്ള ഒരു സ്ഥലത്ത് പോലീസുദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം പോയപ്പോൾ ഇവർ രണ്ടു പേരെയും ഒരുമിച്ച് കൊണ്ട് പോയാൽ ലക്ഷങ്ങൾ വിലവരുന്ന  ഒട്ടകങ്ങളെ എന്ത് ചെയ്യുമെന്ന ആശങ്കയിലായി ഞാനും കൂടെ വന്ന പോലീസുദ്യോഗസ്ഥനും. ഒട്ടകങ്ങൾക്ക് ജീവഹാനി സംഭവിച്ചാൽ ഉടമസ്ഥർ ഞങ്ങൾക്കെതിരെ നഷ്ടപരിഹാരത്തിന് പരാതി നൽകാനിടയുള്ളത് കൊണ്ട് ഒരാളെ ആദ്യം കൊണ്ടുപോകാമെന്നും മറ്റെയാളെ സ്പോൺസർ മുഖേന സ്റ്റേഷനിലെത്തിക്കാനും ഞങ്ങൾ തീരുമാനിച്ചു.

ഇതിൽ ആരെ കൊണ്ടു  പോകണമെന്നാലോചിച്ചു. സാബിറലിയും, സുനിലും മൂന്ന് വർഷവും രണ്ടു മാസവുമായി ഒരുമിച്ച് ജോലിയും, താമസവും. ആരാണ് ഞങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക് വരുന്നതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നവരോട് പറഞ്ഞപ്പോൾ ‘സാബിറിൻ്റെ ഉമ്മ രോഗിയാണ്   അദ്ദേഹം മാനസികമായി ബുദ്ധിമുട്ടിലാണ് , പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലയക്കണമെന്ന് ‘ സുനിൽ പറഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായി.

50 ഡിഗ്രി ചൂടിൽ പൊള്ളുന്ന മണൽ തരികളിൽ നിന്ന്, മണൽ കാറ്റ് ശക്തമായി വീശിയിട്ടും സ്വാർത്ഥതയില്ലാതെ സ്വന്തം സുഹൃത്തിനെ രക്ഷപ്പെടുത്തണമെന്ന സുനിലിൻ്റെ ആവശ്യം കുളിർ കാറ്റ് പോലെയാണെനിക്ക് തോന്നിയത്. ശേഷം സാബിറിനെയും മറ്റൊരു സ്ഥലത്ത് നിന്ന് മുഹമ്മദ് ഹുസൈനെയും കൂട്ടി സ്റ്റേഷനിലെത്തി. പ്രാഥമിക അന്വേഷണങ്ങൾ കഴിഞ്ഞ് തുടർ നടപടികൾക്കായി സ്റ്റേഷനിലാക്കി  രാത്രി വൈകിയാണ് ഞാൻ വീട്ടിലെത്തിയത്.

യാത്രയിൽ സുനിൽ മരുഭൂമിയിൽ തനിച്ചായത് എന്നെ മാനസികമായി വല്ലാതെ പ്രയാസപ്പെടുത്തി. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടക്ക് ഓർമ്മ വന്നു.  വീട്ടിലെത്തി ആ വിഷയത്തെ കുറിച്ച് ഞാൻ വൈഫുമായി സംസാരിച്ചപ്പോൾ സുനിൽ തനിച്ചല്ലെ പേടിയുണ്ടാകും വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ എന്നോട് പറഞ്ഞു. പിറ്റെ ദിവസം രാവിലെ സുനിലിനെ വിളിച്ചപ്പോൾ എനിക്ക് പേടിയില്ല നിങ്ങളെന്നെ ഒരിക്കൽ മോചിപ്പിക്കുമെന്നുറപ്പുണ്ട്, നിരവധി പേരെ രക്ഷപ്പെടുത്തിയ വിവരം സുഹൃത്ത് വഴി അറിഞ്ഞിരുന്നു, നിങ്ങൾ സാബിറിനെ നാട്ടിലേക്കയച്ച് സമയം പോലെ എൻ്റെ കാര്യം നോക്കിയാൽ മതി എന്നാണദ്ദേഹം പറഞ്ഞത്. ആ  വാക്കുകൾ കേട്ടത് കൊണ്ട് ഇന്നും  എനിക്കദ്ദേഹത്തെ കാണണമെന്നായി.

ഇന്നലെ പോലീസ് സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കി അങ്ങോട്ട് പോയി. ഖർയത്തുൽ ഉൽയ ഗ്രാമത്തിൽ നിന്ന് അൽപം ദൂരെ മരുഭൂമിയിലാണ് അവരുടെ സ്ഥലം. ഭക്ഷണ സാധനങ്ങളുമായി ഞാൻ അവിടേക്ക് പുറപ്പെട്ടു. നേരിൽ കണ്ടപ്പോൾ  സന്തോഷം തോന്നി. വിശേഷങ്ങൾ പങ്കുവെച്ച്. അവർ വരാനുണ്ടായ സാഹചര്യങ്ങളും അവിടത്തെ അവസ്ഥകളുമെല്ലാം അറിഞ്ഞ് അൽപ സമയം അവിടെ ചെലവഴിച്ചു. ഭക്ഷണവും, പ്രാഥമിക സൗകര്യങ്ങളൊന്നുമില്ല. രണ്ടര വർഷമായി ശമ്പളം ലഭിച്ചിട്ട്. ടാങ്കർ ലോറിയുടെ ടാങ്കിന് മുകളിലാണ് ഉറക്കം .താഴെ ഒട്ടകകൂട്ടങ്ങളും.

മനുഷ്യാവകാശ കമ്മീഷനുൾപ്പെടെ വിവിധ  വകുപ്പുകളിൽ നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്. വിവിധ ഓഫീസുകളിൽ ഞങ്ങൾ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.

സുനിൽ താമസിക്കുന്നതിൻ്റെ അൽപ ദൂരം മറ്റ് രണ്ട് ഇന്ത്യക്കാർ കൂടിയുണ്ടെന്നറിഞ്ഞപ്പോൾ അവരെയും കണ്ടു. കൃഷിപ്പണിക്കാരാണവർ. ഒരാളുടെ ഒരു കൈ തോളെല്ല് മുതൽ അറ്റുപോയിരിക്കുന്നു. 15 വർഷം മുമ്പ് അപകടം സംഭവിച്ചതാണ്. കാര്യമായ ജോലിയൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും സൗദി സ്പോൺസർ അദ്ദേഹത്തെ ചേർത്ത് നിർത്തുന്നത് കണ്ടാൽ അദ്ദേഹത്തോട് ആദരവ് തോന്നും. റൂമും, ഭക്ഷണവും, മറ്റു സൗകര്യങ്ങളുമെല്ലാമുണ്ട്. ശമ്പളവും, ലീവുമെല്ലാം കൃത്യം. അവരും സന്തോഷവാൻമാരാണ്. അവരുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോകും നമ്മൾ. ഒരു ദിവസം അവരോടൊപ്പം കഴിച്ചു കൂട്ടാമെന്ന് വാഗ്ദാനം നൽകിയാണ് ഞാൻ മടങ്ങിയത്.

കൃത്യ സമയത്ത് ഭക്ഷണവും, ശമ്പളവും, താമസ സൗകര്യവുമെല്ലാം സ്വപ്നമായി കൊണ്ട് നടക്കുന്നവരാണ് മറ്റു രണ്ട് പേർ . ഞായറാഴ്ച സ്പോൺസറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പോലീസുദ്യോഗസ്ഥരും നല്ല സഹകരണമാണ്. കെഎംസിസി നേതാക്കളുൾപ്പെടെ എൻ്റെ സഹപ്രവർത്തകർ, കുടുംബം, മറ്റു സുഹൃത്തുക്കൾ ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥരായ ഫസ്റ്റ് സെക്രട്ടറി സജീവ് സാറും, ശ്യാം സുന്ദർ സർ എല്ലാവരും കൂടെയുണ്ട്. സർവ്വ ശക്തൻ്റെ അനുഗ്രഹത്താൽ ഇത് വരെ ഒരു പ്രയാസവുമുണ്ടായിട്ടില്ല. അവരുടെ  സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ,
സിദ്ദീഖ് തുവ്വൂർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്