ഹുറൂബായ സൗദി പ്രവാസികൾ ഏജന്റുമാരെ സമീപിക്കും മുമ്പ് ആദ്യം നിയമപരമായി നീങ്ങാൻ ശ്രമിക്കുക
ജിദ്ദ: ഏതെങ്കിലും സാഹചര്യത്തിൽ ഹുറൂബാക്കപ്പെടുന്ന (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) പല പ്രവാസികളും പല തരത്തിലുള്ള അബദ്ധങ്ങളിലും പോയി പെടാറുണ്ട്.
ഹുറൂബായെന്ന് കേട്ടാൽ പിന്നീട് ആശങ്കപ്പെട്ട് എങ്ങനെയെങ്കിലും നാട്ടിലേക്ക് കയറണമെന്ന ചിന്തയിൽ ആണ് പലരും പല അബദ്ധങ്ങളിലും ചെന്ന് ചാടാറുള്ളത്.
ഇത്തരം സാഹചര്യത്തിൽ സഹായികളായി പല ഏജന്റുമാരും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഹുറൂബ് ഒഴിവാക്കി എക്സിറ്റടിച്ച് നാട്ടിലേക്ക് കയറ്റാം, ജയിലിൽ പോകാതെ നാട്ടിലേക്ക് നേരിട്ട് കയറ്റാം എന്നിങ്ങനെ പല ഓഫറുകളും കാശ് ഈടാക്കി ഇവർ നൽകുകയും ചെയ്യും.
എന്നാൽ പിന്നീട് ഈ വിധമെല്ലാം നാട്ടിലെത്തി പുതിയ വിസ ലഭിച്ച് തിരികെ സൗദിയിലേക്ക് പോകാൻ ഒരുങ്ങുംബോഴായിരിക്കും സൗദിയിലേക്ക് ഇനി പ്രവേശനം സാധ്യമാകുമോ ഇല്ലയോ എന്ന ആശങ്ക ഇത്തരത്തിൽ ഉള്ള ആളുകളെ പിടികൂടുക.
പിന്നീട് സൗദിയിൽ ഇറങ്ങാൻ പറ്റുമോ എന്നന്വേഷിച്ച് ജവാസാത്ത് പ്രിന്റെടുക്കലും മറ്റ് അന്വേഷണങ്ങളുമായിരിക്കും പ്രധാന പണി.
ഈ സാഹചര്യത്തിൽ സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താനാണ് അറേബ്യൻ മലയാളി ഉദ്ദേശിക്കുന്നത്.
നിലവിലെ സൗദിയിലെ നിയമങ്ങളും മറ്റും തൊഴിലാളികളുടെ അവകാശങ്ങളെ ഏറെ സംരക്ഷിച്ച് കൊണ്ടുള്ളതാണെന്നോർക്കുക.
ഒരു തൊഴിലാളിയെ അനാവശ്യമായി ഹുറൂബാക്കിയാൽ തൊഴിലുടമക്കെതിരെ തൊഴിലാളിക്ക് പരാതി നല്കാനും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും അവസരമുണ്ട്.
തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് ലേബർ ഓഫീസിൽ തെളിയിക്കാൻ സാധിച്ചാൽ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് സ്പോൺസർഷിപ്പ് മാറാനുള്ള അവസരവും തൊഴിലാളിക്കുണ്ട്.
അത് കൊണ്ട് തന്നെ ഏതെങ്കിലും സാഹചര്യത്തിൽ ഹുറൂബാക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ആദ്യം നിയമപരമായിത്തന്നെ നീങ്ങുക. അത് ഹുറൂബ് ഒഴിവാകാനോ ഭാവിയിൽ പുതിയ വിസയുമായി സൗദിയിലേക്ക് വരുന്നതിനോ സഹായകരമായേക്കും.
നേർ മാർഗത്തിലൂടെ തന്നെ ഹുറൂബ് നീക്കാനും മറ്റും ശ്രമിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്‌താൽ നിയമ പരമായി തന്നെ കഫാല മാറാനും അല്ലെങ്കിൽ എക്സിറ്റ് ലഭിക്കാനും മറ്റും മാർഗങ്ങൾ തുറക്കും. അതേ സമയം ഏജന്റുമാർ വഴിയും മറ്റും നാട്ടിലെത്തിയാൽ പിന്നീട് തിരികെ പോകാൻ പറ്റുമോ എന്ന ആശങ്കയുമായി സമയം കഴിക്കേണ്ട അവസ്ഥയാണ് പലർക്കുമുള്ളത് എന്നോർക്കുക.
ഇതിനെല്ലാം പുറമെ ഹുറൂബാക്കിയ സ്പോൺസർക്ക് തന്നെ ഹുറൂബ് ഒഴിവാക്കാനുള്ള അവസരമുണ്ടെന്നത് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. https://arabianmalayali.com/2022/08/13/41331/ എന്ന ലിങ്കിൽ അത് വിശദമായി അറിയാം. കേസിനു പോകും മുമ്പ് ആദ്യം സ്പോൺസറുമായി ഒരു അനുരഞ്ജന ചർച്ചക്ക് ശ്രമിക്കുന്നത് ഇത്തരത്തിൽ ഹുറൂബ് പിൻ വലിക്കാൻ ചിലപ്പോൾ സ്പോൺസറെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa