Sunday, November 24, 2024
Saudi ArabiaTop Stories

മലപ്പുറം ജില്ലക്കാരനായതിനാലും പേര് സലീം ആയതിനാലും എയർപോർട്ടിൽ നേരിട്ട ദുരനുഭവം പങ്ക് വെച്ച് ഗായകൻ

മലപ്പുറം: വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ സലീം കൊടത്തൂര്‍.

മലപ്പുറം ജില്ലക്കാരനായതും സലീം എന്ന പേരിന്റെ ഉടമയും ആയതിന്റെ പേരില്‍ നെടുമ്പാശ്ശേരി എയർപോർട്ടിൽ പ്രത്യേക പരിശോധനയാണ് വിമാനത്താവളത്തില്‍ തനിക്കുണ്ടായതെന്നും തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചെന്നും സലീം വ്യക്തമാക്കുന്നത്.

സോഷ്യൽ മീഡിയയിൽ സലീം കൊടത്തൂർ ഇത് സംബന്ധിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

“മലപ്പുറം ജില്ലക്കാരനായിട്ടും എന്തിനാണ് ഇതുവഴി സഞ്ചരിക്കുന്നതെന്ന് എല്ലായ്പ്പോഴും ചോദിക്കാറുണ്ട്. ഇതാണ് എളുപ്പമെന്ന് ഞാൻ പറയും. കുറച്ചു നാൾ മുൻപ് ഒരു സുഹൃത്തിനെ വിളിക്കാൻ പോയപ്പോൾ അവൻ്റെ സ്കാനിംഗിൽ എന്തോ പ്രശ്നമുണ്ടെന്നുപറഞ്ഞ് എന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ചിട്ടുണ്ട്. എൻ്റെ പാസ്‌പോർട്ട് കണ്ടപ്പോ എന്നെ പിടിച്ചു. ഹാൻഡ് ബാഗ് പൊളിച്ചു. എന്നിട്ട് നിങ്ങളെ വിശദമായി പരിശോധിക്കണമെന്ന് അറിയിച്ചു. മലപ്പുറം ജില്ലക്കാരനായിട്ട് എന്താണ് കൊച്ചിയിൽ വന്നത് എന്ന് ചോദിച്ചു. അത് ശരിയല്ല. ഇന്ത്യയിലെ ഏത് എയർപോർട്ടിൽ നിന്നും നമുക്ക് സഞ്ചരിക്കാം. എന്റെ അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. അപ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ എനിക്ക് മാത്രമേ അറിയൂ. മലപ്പുറം ജില്ലക്കാർ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ.

എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല. ആ സമയത്ത് അതുവഴി പോകുന്നവർ, കള്ളക്കടത്തുകാരെ നോക്കുന്നതുപോലെയായിരുന്നു എന്നെ നോക്കിയത്. ഞാൻ എൻ്റെ വിഡിയോസൊക്കെ കാണിച്ചുകൊടുത്തു. ഇപ്പോ പങ്കെടുത്ത പ്രോഗ്രാമുകളുടെ പോസ്റ്ററുകളും വിഡിയോകളുമൊക്കെ കാണിച്ചു. ഇതൊക്കെ കാണിച്ചിട്ടും അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. മലപ്പുറം ജില്ലക്കാരന് കോഴിക്കോട് എയർപോർട്ടിൽ നിന്നേ യാത്ര ചെയ്യാൻ പറ്റുകയുള്ളോ? എന്റെ പേരാണ് അവർക്ക് പ്രശ്‌നം. പാസ്പോർട്ടിൽ അവർ പേര് ശ്രദ്ധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

ഞാൻ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം എന്നാണ് എനിക്ക് തോന്നിയത്. പരിശോധനക്ക് ശേഷം ഉദ്യേഗസ്ഥരുമായി സംസാരിച്ചപ്പോൾ സംശയം കൊണ്ടാണ് എന്ന് അവർ പറഞ്ഞു.

മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ പടിച്ചിരുത്തിയ ശേഷവും പരിശോധനയ്ക്ക് ശേഷവും ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അവരുടെ മറുപടിയെന്നും സലീം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ഏതായാലും സലിമിന്റെ അനുഭവപ്പറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി തെളിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്