Wednesday, November 27, 2024
KeralaTop Stories

കോഴിക്കോട് ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട സംഭവം; മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: എലത്തൂരിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്.

പ്രതിയെന്ന് സംശയിക്കുന്നയാൾ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
അക്രമി കൈ കാണിക്കാതെ തന്നെ രണ്ടാമത്തെയൾ ബൈക്ക് നിര്‍ത്തുന്നുണ്ട്. നടന്നത് ആസൂത്രിത ആക്രമണമാണെന്നും ദുരൂഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്ന് ഒരു ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ബാഗിനുള്ളിൽ രണ്ട് മൊബൈല്‍ ഫോണുകളും ഹിന്ദിയിലുളള ബുക്കുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഇന്ന് തന്നെ പരിശോധന നടത്തിയേക്കും.

ഇന്നലെ (ഞായറാഴ്ച) രാത്രി 9 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം നടന്നത്. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

തീയിട്ട സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയ്നിൽ നിന്ന് ചാടിയതാകാമെന്നാണ് കരുതപ്പെടുന്നത്.

ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതനായ അക്രമി കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ നടന്ന അക്രമ സംഭവത്തിലും തുടർന്ന് അറിഞ്ഞ മരണ വാർത്തകളിലും ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരള ജനത.
അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്