സൗദി പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഒരു ജനപ്രതിനിധിയുമില്ലേ
സൗദി പ്രവാസികൾ ഇത് വരെ അനുഭവിച്ചതിൽ വെച്ചേറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
ഇപ്പോൾ വിസിറ്റ് വിസകളും തൊഴിൽ വിസകളും റെസിഡന്റ് വിസകളും ഇഷ്യു ചെയ്യാൻ അപേക്ഷകൻ നേരിട്ട് തന്നെ വി എഫ് എസ് കേന്ദ്രത്തിൽ എത്തി ബയോമെട്രിക് സമർപ്പിക്കേണ്ട അവസ്ഥയാണുള്ളത്.
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള പുതിയ ഏത് തരത്തിലുള്ള സൗദി വിസ അപേക്ഷകരും ബയോമെട്രിക് നൽകാൻ ഇപ്പോൾ കൊച്ചിയിലെ വി എഫ് എസ് കേന്ദ്രത്തിൽ നേരിട്ട് എത്തേണ്ടിയിരിക്കുന്നു.
അതേ സമയം കേരളത്തിലെ സൗദി വിസ കൈകാര്യം ചെയ്യുന്ന ഏക വി എഫ് എസ് ത അഷീറ കേന്ദ്രമായ കൊച്ചിയിൽ ഒരു അപോയിന്റ്മെന്റ് ലഭിക്കാൻ അപേക്ഷകൻ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
നിലവിൽ ജൂൺ 25 വരെയുള്ള എല്ലാ അപോയിന്റ്മെന്റുകളും ഫുൾ ആയതായാണ് അറേബ്യൻ മലയാളിക്ക് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അതിനർഥം വിസ കയ്യിലിരിക്കേ ഇഷ്യു ചെയ്യാൻ അപോയിന്റ്മെന്റ് ലഭിക്കാത്തതിനാൽ ആഴ്ചകളോളം അപേക്ഷകൻ വെറുതെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് സാരം.
പല വിധ പ്ലാനുകൾ ആസൂത്രണം ചെയ്ത് കൊണ്ട് വിസക്ക് അപേക്ഷിച്ച് വിസ ലഭിച്ച പ്രവാസികളും സ്ഥാപനങ്ങളും വിസ സ്റ്റാംബിംഗ് വൈകുന്നത് മൂലം തങ്ങൾ സൗദിയിലെത്തിക്കാൻ ഉദ്ദേശിച്ച വ്യക്തികൾ നിശ്ചിത സമയത്ത് എത്താത്തത് മൂലം നിരവധി പ്രതിസന്ധികളാണ് ഈ സാഹചര്യത്തിൽ തരണം ചെയ്യേണ്ടി വരുന്നത്.
അതോടൊപ്പം തൊഴിൽ വിസകൾക്ക് കൂടെ ഈ ബയോമെട്രിക് നിർബന്ധമാക്കുന്നതോടെ അപോയിന്റ്മെന്റ് ലഭിക്കാൻ വൈകുകയും വിസ ഇഷ്യു ചെയ്യാൻ താമസം വരികയും ചെയ്‌താൽ അത് തൊഴിൽ ദാതാക്കളെ മാറിച്ചിന്തിപ്പിക്കാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനും ഇടയാക്കുകയും ചെയ്തേക്കും.
ഈ സാഹചര്യത്തിൽ സൗദി പ്രവാസികളുടെ കൂടെ നിൽക്കേണ്ട ജനപ്രതിനിധികളും നേതാക്കളും സൗദി പ്രവാസികൾക്കായി എന്ത് ചെയ്തു എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു.
സൗദി എംബസിയിലും വിദേശ കാര്യ വകുപ്പിലും ഈ വിഷയം എത്തിക്കേണ്ട ചുമതല പ്രവാസികൾ എപ്പോഴും സഹായിക്കുന്ന ജനപ്രതിനിധികൾക്കുണ്ട് എന്ന കാര്യം അവർ മറന്ന് പോയത് പോലെ തോന്നുന്നു. ഈ വിഷയത്തിൽ ചർച്ചകൾ നടത്തി ഉചിതമായ പരിഹാര നടപടികൾ കണ്ടെത്താൻ സൗദി സർക്കാറുമായി ചർച്ച ചെയ്യുന്നതിനു ഇന്ത്യൻ ഭരണ നേതൃത്വത്തിനെ പ്രേരിപ്പിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികൾക്കുണ്ട്.
ഒന്നുകിൽ ഫിംഗർ പ്രിന്റ് അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ വിസ അപേക്ഷകൻ നേരിട്ട് സമർപ്പിക്കണമെന്ന നിയമത്തിൽ ഇളവ് വരുത്തുക. അല്ലെങ്കിൽ ഓരോ ജില്ലയിലും വി എഫ് എസ് തഅഷീറ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും കാര്യക്ഷമതയുള്ള സ്റ്റാഫുകളെ നിയമിക്കുകയും ചെയ്യുക. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ബയോമെട്രിക്ക് ആവശ്യപ്പെടുന്ന രീതി ഒഴിവാക്കുക തുടങ്ങി വിവിധ പരിഹാര മാർഗങ്ങൾ സ്വീകരിച്ചാൽ സൗദി പ്രവാസികൾ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒരു വിധം പരിഹരിക്കാൻ സാധിച്ചേക്കും.
അതോടൊപ്പം വി എഫ് എസ് കേന്ദ്രങ്ങളിലെ ഫീസ് നിരക്കുകളിലെ വർദ്ധനവും സൗദി പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
ചുരുക്കത്തിൽ വോട്ട് സമയത്തും മറ്റും സൗദി പ്രവാസികളെ ആശ്രയിക്കുന്ന ജനപ്രതിനിധികൾ അവർ ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ട ഈ സമയത്ത് ഉചിതമായ രീതിയിൽ ഇടപെടേണ്ടിയിരിക്കുന്നു എന്നാണ് അറേബ്യൻ മലയാളിക്ക് പറയാനുള്ളത്.
✍️ ജിഹാദുദ്ദീൻ അരീക്കാടൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa