ഇഹ്സാൻ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായി; സയാമീസ് ഇരട്ടകളുടെ സ്ഥിതി വിശദീകരിച്ച് ഡോ: റബീഅ
റിയാദിൽ വേർപ്പെടുത്തപ്പെട്ട സിറിയൻ സയാമീസ് ഇരട്ടകളുടെ നിലവിലെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ സംഘ തലവൻ ഡോ: അബ്ദുല്ല റബീഅ.
ഇരട്ടകളിലെ ബസാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിയുടെ എല്ലാ മെഡിക്കൽ സൂചകങ്ങളും ആശ്വാസകരമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
കൃത്രിമ ശ്വാസോച്ഛാസത്തിൽ നിന്ന് ബസാമിനെ മാറ്റി, അനസ്തേഷ്യയിൽ നിന്ന് മുക്തമായി, പതിവുപോലെ മാതാപിതാക്കളുമായി ഇടപഴകാൻ തുടങ്ങി, ഇന്ന് വായിൽക്കൂടി ഭക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബസാമിനെ ഇന്ന് പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്ന് പീഡിയാട്രിക് വാർഡിലേക്ക് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി ചികിത്സിക്കുന്ന മെഡിക്കൽ സംഘം സൂചിപ്പിച്ചു.
അതേ സമയം പ്രതീക്ഷിച്ചതുപോലെ ഇരട്ടക്കുട്ടികളിലെ ഇഹ്‌സാൻ ഇന്നലെ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായെന്ന് ഡോ: റബീഅ പറഞ്ഞു.
ആന്തരികാവയവങ്ങളിലെ ഗുരുതരമായ തകരാറുകൾ മൂലം വേർപെടുത്തൽ പ്രക്രിയക്ക് ശേഷം ഇഹ്സാൻ എന്ന കുട്ടി അധിക നാൾ ജീവിച്ചിരിക്കില്ലെന്ന് മെഡിക്കൽ സംഘം നേരത്തെ പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് ഘട്ടങ്ങളിലായി നടന്ന ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഇഹ്സാനും ബസാമും ഇരു മെയ്യായത്.
നെഞ്ചിന് താഴെയും വയറിലും കരളിലും കുടലിലും യോജിച്ച രീതിയിലായിരുന്ന കുട്ടികളെ വേർപെടുത്താൻ 26 മെഡിക്കൽ സ്റ്റാഫ് ആണ് ഓപറേഷനിൽ ഭാഗമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa