30 വർഷത്തെ സൗദി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലയാളിക്ക് കഫീലും സുഹൃത്തുക്കളും നൽകിയത് അവിസ്മരണീയ യാത്രയയപ്പ്
ബുറൈദ: മൂന്നു പതിറ്റാണ്ട് കാലം തുടർച്ചയായി ഒരു ബഖാലയിൽ ജോലി ചെയ്തു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക്
കഫീലും തൻറെ കൂട്ടുകാരും ചേർന്നു നൽകിയ യാത്രയയപ്പ് അവിസ്മരണീയമായി.
സൗദിയിലെ അൽ ഖസീമിൽ ബുറൈദക്കടുത്ത ഉനൈസയിലെ
ജദീർ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരൻ അബ്ദുൽ ഹമീദിനാണ് ഈ സൗഭാഗ്യം ലഭിച്ചത്.
കഫീൽ യാത്രയയപ്പ് ഒരുക്കിയ ഇസ്തിറാഹയിൽ വിഐപി സ്വീകരണമാണ് അബ്ദുൽ ഹമീദിനു ലഭിച്ചത്. കഫീലും സുഹൃത്തുക്കളും ഹർഷാരവം മുഴക്കിയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.
വിവിധയിനം കളികളും മത്സരങ്ങളും വിജയിച്ചവർക്ക് സമ്മാനവും എല്ലാം ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ അബ്ദുൽ ഹമീദിന് പണവും മറ്റുകനപ്പെട്ട സമ്മാനങ്ങളും ലഭിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. സ്പോൺസർ ഖാലിദും
സുഹൃത്ത് മിശ്അലും യാത്രയയപ്പ് പരിപാടികൾക്ക് നേതൃത്വം
നൽകി.
1994 മുതൽ തുടർച്ചയായി ഉനൈസയിലെ ജദീർ ഷോപ്പിലാണ് ഹമീദ് ജോലി ചെയ്തത്. കടയുടെ ഉടമകൾ പലതവണ മാറിവന്നെങ്കിലും അദ്ദേഹം അവിടെ നിന്ന് ജോലി മാറിയിരുന്നില്ല.
കോഴിക്കോട് കാരന്തൂർ സ്വദേശിയായ അബ്ദുൽ ഹമീദ് കോഴിക്കോട് സിറ്റിയിൽ
മൂഴിക്കലിലാണ് താമസിക്കുന്നത്.
(റിപ്പോർട്ട്: അബ്ദുല്ല സഖാഫി).
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa