വിദേശികൾ മേഖലയിൽ നിറയുംബോഴും ജോലിയില്ലാതെ ആയിരത്തോളം സൗദി ദന്ത ഡോക്ടർമാർ
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിൽ 9000 ത്തോളം വിദേശികളായ ദന്ത ഡോക്ടർമാർ ജോലി ചെയ്യുംബോൾ സൗദികളായ 900 ത്തിലധികം വരുന്ന ദന്ത ഡോക്ടർമാർക്ക് ജോലിയില്ലെന്ന് റിപ്പോർട്ട്
വിദേശികൾക്ക് തൊഴിൽ നൽകാനായി സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിന്നും സൗദി ഡെൻ്റിസ്റ്റുകളെ പരമാവധി ഒഴിവാക്കാനാണു ശ്രമിക്കുന്നതെന്നും അതിനായി 4000 റിയാലിൽ താഴെ ശംബളവും 9 മണികൂർ ജോലി സമയവുമാണു നിജപ്പെടുത്തിയിട്ടുള്ളതെന്നും ഒരു സൗദി ഡോക്ടർ പരാതിപ്പെട്ടു.
ജോലി ലഭിക്കാത്ത ഒരു സൗദി ഡെൻ്റിസ്റ്റ് തൻ്റെ ഡിഗ്രി മേശ വലിപ്പിനുള്ളിൽ സൂക്ഷിച്ച് ടാക്സി ഓടിക്കുകയാണെന്നും താൻ കോളേജിൽ ചിലവഴിച്ച ദിനങ്ങളോർത്ത് ദു:ഖിക്കേണ്ടി വരികയാണെന്നും പറയുന്നു.
ഏതാനും വർഷങ്ങൾക്ക് മുംബ്, യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്ത ഒരു സൗദി ദന്ത ഡോക്ടർ വിദേശ സർവകലാശാലയിൽ നിന്ന് നേടിയ തൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യമായി കത്തിച്ച് കളഞ്ഞത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു.
ഇത് പോലുള്ള ധാരാളം സൗദി ബിരുദ ധാരികൾ ഡെൻ്റൽ മേഖലയിൽ തൊഴിൽ ഇല്ലാതെ നില നിൽക്കുന്നതിനാലാണു വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിർത്തലാക്കാൻ സൗദി അധികൃതരെ നിർബന്ധിതരാക്കിയത്. യോഗ്യരായ ധാരാളം സൗദികൾ നിലവിൽ ജോലിയില്ലാതിരിക്കുന്നുണ്ട്. ഇനി ധാരാളം പേർ കോളേജുകളിൽ നിന്ന് പുറത്തിറങ്ങാനിരിക്കുന്നുമുണ്ട്.
26 ഡെൻ്റിസ്റ്റ്രി കോളേജുകളാണു നിലവിൽ സൗദിയിലുള്ളത്. അതിൽ 18 എണ്ണം സർക്കാരിൻ്റെ കീഴിലും 8 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണു. ഇപ്പോൾ ഓരോ വർഷവും 2000 ത്തിനും 3000 ത്തിനും ഇടയിൽ ഡെൻ്റിസ്റ്റുമാരാണു കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്.
25 ശതമാനമാണു നിലവിൽ സൗദിയിൽ സ്വദേശി ഡെൻ്റിസ്റ്റുകളുടെ ചികിത്സാ മേഖലയിലെ സാന്നിദ്ധ്യം. 2027 ആകുംബോഴേക്കും സൗദികൾക്ക് ഡെൻ്റിസ്റ്റ്രി മേഖലയിൽ 21,800 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു അധികൃതരുടെ ലക്ഷ്യം. ഇതിനായി ഓരോ വർഷവും ഡെൻ്റിസ്റ്റ്രിയിൽ 27.5 ശതമാനം സൗദിവത്ക്കരണം കൊണ്ട് വരും.
2027 വരെ പുതിയ ഡെൻ്റൽ കോളേജുകൾ സൗദിയിൽ ആരംഭിക്കില്ലെന്നും വിദേശത്ത് ഡെൻ്റൽ മേഖലയിൽ പഠിക്കുന്നതിനു സൗദി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നത് നിർത്തി വെച്ചതായും സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa