ഹൂത്തി മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ തിരിച്ചടി; യെമനിൽ കനത്ത വ്യോമാക്രമണം
ടെൽ അവീവിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രായേൽ യെമനിലെ ഹുദൈദ തുറമുഖത്തും ഒരു കോൺക്രീറ്റ് ഫാക്ടറിയിലും കനത്ത വ്യോമാക്രമണം നടത്തി.
ഹൂതികളുടെ “ഭീകരവാദപരമായ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതികരണമായാണ്” ഈ നടപടിയെന്ന് ഇസ്രായേൽ സൈന്യം (IDF) എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തെ പ്രസ്താവനയിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഹുദൈദ തുറമുഖത്തെ “ഭീകരവാദപരമായ അടിസ്ഥാന സൗകര്യങ്ങളും”, ഹുദൈദയുടെ കിഴക്ക് ഭാഗത്തുള്ള ഒരു കോൺക്രീറ്റ് ഫാക്ടറിയും തകർത്തതായി IDF അറിയിച്ചു.
ഈ ഫാക്ടറി ഹൂതികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് എന്നും, തുരങ്കങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ്റെ മാർഗ്ഗനിർദ്ദേശത്തിലും ധനസഹായത്തിലുമാണ് ഹൂതികൾ ഇസ്രായേലിനും സഖ്യകക്ഷികൾക്കും ദോഷം വരുത്തുന്നതും, പ്രാദേശിക ക്രമം തകർക്കുന്നതും, ആഗോള നാവിക സ്വാതന്ത്ര്യത്തിന് ഭംഗം വരുത്തുന്നതും, എന്നും IDF ആരോപിച്ചു.
അതേസമയം, യുഎസ് സൈന്യം ഇസ്രായേലിൻ്റെ ഈ വ്യോമാക്രമണത്തിൽ പങ്കാളിയായിട്ടില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
നേരത്തെ പല വാർത്താ റിപ്പോർട്ടുകളും ഇത് യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കമാണെന്ന് സൂചിപ്പിച്ചിരുന്നു.
ടെൽ അവീവ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണവും, അതിന് പിന്നാലെ ഇസ്രായേൽ നടത്തുന്ന തിരിച്ചടിയും മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
