Thursday, May 22, 2025
Saudi ArabiaTop Stories

ദമ്മാം കിഡ്‌നാപ്പറെയും കൂട്ടാളിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി; സൗദിയിൽ കോളിളക്കം സൃഷ്ടിച്ച കേസിന്റെ നാൾവഴികളിലൂടെ

സൗദി അറേബ്യയെ ഞെട്ടിച്ച ശിശുകടത്ത് കേസിൽ പ്രതിയായ മറിയം ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ മുതൈർ എന്ന സ്ത്രീയുടെയും സഹായിയായ യെമൻ പൗരന്റെയും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

“ദമ്മാം കിഡ്‌നാപ്പർ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന മറിയത്തിന്റെ കേസ് വർഷങ്ങളോളം സൗദി പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ആശുപത്രികളിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്. സൗദിക്ക് പുറത്തേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

രണ്ട് സന്ദർഭങ്ങളിലായി ദമ്മാമിലെ ആശുപത്രികളിൽ നിന്ന് ഇവർ മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വളർത്തുകയായിരുന്നു. 2020-ൽ സൗദി അധികൃതർ ഈ കേസുമായി ബന്ധപ്പെട്ട് മറിയം ബിൻത് മുഹമ്മദ്നെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ഒരു വഴിത്തിരിവിലെത്തിയത്.

20 വർഷത്തിലധികം സ്വന്തം കുട്ടികളെപ്പോലെ വളർത്തിയ ശേഷം, തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ദേശീയ തിരിച്ചറിയൽ കാർഡുകൾ നേടാൻ മറിയം ശ്രമിച്ചതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്.

പിന്നീട് ഡി.എൻ.എ. പരിശോധന നടത്തി യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും അവർക്ക് കുട്ടികളെ തിരിച്ചേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

നീണ്ട നിയമ പോരാട്ടങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ 2021ൽ മറിയം ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ മുതൈർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ശിശുകടത്ത്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസിൽ പങ്കാളിയായിരുന്ന യെമൻ പൗരനെയും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

ദമ്മാം ക്രിമിനൽ കോടതി പുറപ്പെടുവിച്ച ഈ വിധി കിഴക്കൻ പ്രവിശ്യാ അപ്പീൽ കോടതിയും പിന്നീട് സൗദി സുപ്രീം കോടതിയും ശരിവച്ചു. എല്ലാ അപ്പീലുകളും തള്ളിയതോടെ വിധി അന്തിമമാവുകയും വധശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

സൗദി ആഭ്യന്തര മന്ത്രാലയം, കിഴക്കൻ പ്രവിശ്യയിൽ വെച്ച് മറിയം ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ മുതൈറിന്റെയും കൂട്ടാളിയായ യെമൻ പൗരന്റെയും വധശിക്ഷ നടപ്പാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa