ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നേരിട്ട് വ്യോമാക്രമണം നടത്തിയതും, അതിനുപിന്നാലെ ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ തിരിച്ചടിച്ചതും പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തുന്നതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഇന്ന് ഫോണിൽ സംസാരിച്ചു.
45 മിനിറ്റ് നീണ്ട സംഭാഷണത്തിൽ, നിലവിലെ സാഹചര്യത്തിൽ മോദി “അഗാധമായ ആശങ്ക” രേഖപ്പെടുത്തുകയും, മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അടിയന്തരമായ സംഭാഷണങ്ങളും നയതന്ത്ര ഇടപെടലുകളും ആവശ്യമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.
ഇറാനിലെ നടാൻസ്, ഇസ്ഫഹാൻ, പർവതങ്ങൾക്കടിയിൽ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിത താവളമായ ഫോർദോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ യുഎസ് വ്യോമാക്രമണം നടത്തിയത്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ തന്നെ മുൻകൈയെടുത്താണ് പ്രധാനമന്ത്രി മോദിയെ വിളിച്ചതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ഇറാനിയൻ പ്രസിഡന്റ് പ്രധാനമന്ത്രി മോദിക്ക് വിശദമായി വിവരിച്ചു.
പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയെ ഒരു “സുഹൃത്തും പങ്കാളിയും” ആയി അദ്ദേഹം വിശേഷിപ്പിച്ചതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നിലപാടിന് പ്രധാനമന്ത്രി മോദിയോട് പെസെഷ്കിയാൻ നന്ദി അറിയിക്കുകയും, സംഘർഷം ലഘൂകരിക്കുന്നതിനും സംഭാഷണങ്ങൾക്കും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തതായി വൃത്തങ്ങൾ വ്യക്തമാക്കി.
പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ ശബ്ദത്തിനും പങ്കിനും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്ന ഈ ഘട്ടത്തിൽ, മേഖലയിലെ പ്രധാന ശക്തികളുമായി ഉഭയകക്ഷി ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ നിലപാട് ഏറെ നിർണ്ണായകമാണ്.
ഊർജ്ജ സുരക്ഷയും, മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള വിഷയങ്ങളാണ്.
ചർച്ചകളിലൂടെയും നയതന്ത്രപരമായ ഇടപെടലുകളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന ഇന്ത്യയുടെ ഉറച്ച നിലപാട് ഇതിലൂടെ കൂടുതൽ വ്യക്തമാവുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
