മുഹമ്മദ് ബാദുഷ ഫാരിസിന്റെ മൃതദേഹം ഖബറടക്കി
കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ-ജിസാൻ ഹൈവേയിൽ അൽലൈത്തിൽ സംഭവിച്ച വാഹനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
ജിദ്ദയിൽ നിന്ന് പുലർച്ചെ സ്റ്റേഷനറി സാധനങ്ങളുമായി ജിസാനിലേക്ക് പുറപ്പെട്ട മുഹമ്മദ് ബാദുഷ ഓടിച്ചിരുന്ന മിനി ലോറി (ഡൈന) ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
ജിദ്ദയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജിദ്ദ ഫോറൻസിക് സെന്ററിൽ നിന്ന് എംബാം നടപടികൾ പൂർത്തിയാക്കി. ശനിയാഴ്ച രാവിലെ മയ്യിത്ത് നമസ്കാരത്തിനുശേഷം വൈകുന്നേരമുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8:30-ഓടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങി.
വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉരുളിക്കുന്ന് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ വൻ ജനാവലി പങ്കെടുത്തു. നമസ്കാരശേഷം മൃതദേഹം ഖബറടക്കി.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കെ.എം.സി.സി അലൈത്ത് ഭാരവാഹികൾ, ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ, കോഴിക്കോട് ജില്ല, കൊടുവള്ളി മണ്ഡലം നേതാക്കന്മാർ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
