നീണ്ട 19 വർഷത്തെ ജയിൽവാസത്തിനു ശേഷം ഹംദാൻ സൗദിയിൽ മടങ്ങിയെത്തി
റിയാദ്: നീണ്ട 19 വർഷം അമേരിക്കൻ ജയിലിൽ കഴിഞ്ഞ സൗദി പൗരൻ ഹംദാൻ അൽ-തുർക്കി സൗദിയിലേക്ക് മടങ്ങിയെത്തി. ജയിൽ മോചിതനായി ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഹംദാൻ സൗദിയിൽ തിരികെ എത്തുന്നത്.
2006-ൽ കൊളറാഡോയിൽ തന്റെ ഇന്തോനേഷ്യൻ വീട്ടുജോലിക്കാരിയെ നിയമവിരുദ്ധമായി തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനായിരുന്നു ഹംദാൻ അൽ-തുർക്കി ശിക്ഷിക്കപ്പെട്ടത്.
എല്ലാ കുറ്റാരോപണങ്ങളും അദ്ദേഹം നിരന്തരം നിഷേധിക്കുകയും 9/11-ന് ശേഷമുള്ള യുഎസ് നിയമവ്യവസ്ഥയിൽ മുസ്ലീം വിരുദ്ധ പക്ഷപാതം ഉണ്ടെന്ന വാദങ്ങൾ അദ്ദേഹത്തെ പിന്തുണക്കുന്നവർ ഉന്നയിക്കുകയും ചെയ്തതോടെ കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു.
2025 മെയ് 9-ന്, കൊളറാഡോ കോടതി കേസ് അവസാനിപ്പിക്കുകയും അൽ-തുർക്കിയുടെ കുടുംബവും വാഷിംഗ്ടണിലെ സൗദി എംബസിയിലെ നിയമ പ്രതിനിധികളും പങ്കെടുത്ത ഒരു സെഷനിൽ മുൻ ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.
ഭാഷാശാസ്ത്ര പ്രൊഫസറായിരിക്കെയാണ് അൽ തുർക്കി അറസ്റ്റ് ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന് എറ്റവും ഉയർന്ന സുരക്ഷയുള്ള ജയിലിൽ 28 വർഷത്തെ തടവ് ശിക്ഷയായിരുന്നു ലഭിച്ചത്.
എതായാലും ഈ വർഷം തന്റെ 56-ാം വയസ്സിൽ അദ്ദേഹം മോചിതനായത്, നിയമപരമായ നീതിയെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനാണു അന്ത്യം കുറിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
