Friday, March 6, 2026
Saudi ArabiaTop Stories

ജിദ്ദയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ബേക്കറി യൂണിറ്റ് പൂട്ടിച്ചു; പതിനായിരം കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

സൗദി അറേബ്യയിലെ ജിദ്ദ ഗവർണറേറ്റിന് തെക്ക് കിഴക്കൻ മേഖലയിൽ ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത ബേക്കറി നിർമ്മാണ കേന്ദ്രം നഗരസഭ പൂട്ടിച്ചു. പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഏകദേശം 10 ടൺ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.

സ്ഥിരമായി അടച്ചിട്ട നിലയിലുള്ള ഒരു ബേക്കറി കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. എന്നാൽ ഇതിനുള്ളിൽ വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള ബേക്കറി ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്.

പരിശോധനയിൽ ഈ കേന്ദ്രത്തിന് സമീപത്തുള്ള ഇരുനില വീടും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ വീടിൻ്റെ താഴത്തെ നില പൂർണ്ണമായും ബേക്കറി സാധനങ്ങൾ ഉണ്ടാക്കാനും സൂക്ഷിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. മാവ് കുഴയ്ക്കാനും സ്റ്റോറേജിനും താമസത്തിനുമായി ഒമ്പതോളം മുറികളാണ് ഇവിടെ ഉണ്ടായിരുന്നത്.

ബേക്കറിക്കുള്ളിൽ പ്രാണികളുടെ ശല്യം, കടുത്ത ദുർഗന്ധം, വൃത്തിഹീനമായ സാഹചര്യങ്ങൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ, ഭക്ഷണം തയ്യാറാക്കാൻ തുരുമ്പിച്ചതും കേടുവന്നതുമായ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. വിതരണവുമായി ബന്ധപ്പെട്ട അനധികൃതമായ കണക്കുപുസ്തകങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.

ഉമ്മുൽ സലം മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് റെയ്ഡ് നടത്തിയത്. താമസസ്ഥലങ്ങൾക്കുള്ളിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായിരുന്നു ഈ പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് എല്ലാ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയും കെട്ടിടങ്ങൾ സീൽ ചെയ്യുകയും ചെയ്തു.

ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി ഇത്തരം മുൻകൂർ പരിശോധനകൾ തുടരുമെന്ന് ജിദ്ദ അമാന അറിയിച്ചു. പൊതുജനങ്ങൾക്ക് എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യൂണിഫൈഡ് റിപ്പോർട്ടിംഗ് സെൻ്റർ നമ്പറായ 940 വഴി അധികൃതരെ വിവരം അറിയിക്കണമെന്നും ജിദ്ദ നഗരസഭ അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa