Friday, March 6, 2026
Saudi ArabiaTop Stories

ശരീരത്തിലൊളിപ്പിച്ച് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; മക്കയിൽ രണ്ട് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി

സൗദിയിലേക്ക് മാരക മയക്കുമരുന്നുകളായ ഹെറോയിൻ, മെതാംഫെറ്റാമൈൻ എന്നിവ കടത്താൻ ശ്രമിച്ച രണ്ട് വിദേശികളെ മക്കയിൽ വധശിക്ഷക്ക് വിധേയരാക്കി.

മയക്കുമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പാകിസ്താൻ സ്വദേശികളായ ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

പിടിക്കപ്പെട്ട പ്രതികൾക്കെതിരെ അന്വേഷണ ഏജൻസികൾ കുറ്റപത്രം സമർപ്പിക്കുകയും കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടതോടെ ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

ഈ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന് രാജകീയ ഉത്തരവ് പ്രകാരം ഹിദായത്ത് ഗുൽ അസീസ് ഖാൻ, അമീർ ഖാൻ ഫസൽ അസീസ് എന്നിവരുടെ വധശിക്ഷ (ഞായറാഴ്ച, 2025 ഡിസംബർ 21) മക്കയിൽ നടപ്പിലാക്കി.

രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും മയക്കുമരുന്ന് എന്ന വിപത്തിൽ നിന്ന് സംരക്ഷിക്കാൻ സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മയക്കുമരുന്ന് കടത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa