Friday, March 6, 2026
Saudi ArabiaTop Stories

സൗദി എയർപോർട്ടുകൾ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; വിമാന യാത്രയിൽ അഞ്ച് തരത്തിലുള്ള ലഗേജുകൾ കൊണ്ടുപോകരുതെന്ന് നിർദ്ദേശം

സൗദി അറേബ്യയിലേക്കോ അവിടെനിന്ന് തിരികെയോ യാത്ര ചെയ്യുന്നവർ, തങ്ങളുടെ ലഗേജുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഓട്ടോമേറ്റഡ് ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റം സുഗമമായി പ്രവർത്തിക്കുന്നതിനാണ് സൗദി എയർപോർട്ട് അതോറിറ്റി ഈ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാന യാത്രാ നടപടികൾ സുഖകരമാക്കുന്നതിനായി അഞ്ച് രീതിയിലുള്ള ലഗ്ഗേജുകളുമായി യാത്ര ചെയ്യരുതെന്ന് ഹജ്ജ് – ഉംറ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്.

ശരിയായ ആകൃതിയില്ലാത്തവ: വൃത്താകൃതിയിലുള്ളതോ, ഉരുണ്ടതോ, ശെരിയായി പാക്ക് ചെയ്യാത്തതോ ആയ ബാഗുകൾ കൺവെയർ ബെൽറ്റുകളിൽ നിന്ന് ഉരുണ്ടു വീഴാൻ സാധ്യതയുള്ളതിനാൽ അനുവദിക്കില്ല.

അയഞ്ഞ സ്ട്രാപ്പുകൾ ഉള്ളവ: ബാഗുകളിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നീളമുള്ള കയറുകൾ, സ്ട്രാപ്പുകൾ അല്ലെങ്കിൽ ഹാൻഡിലുകൾ എന്നിവ മെഷീനുകളിൽ കുടുങ്ങാൻ സാധ്യതയുള്ളതിനാൽ ഇത്തരം ബാഗുകൾ ഒഴിവാക്കേണ്ടതാണ് .

പുതപ്പിലോ തുണിയിലോ പൊതിഞ്ഞവ: ബാഗുകൾ അയഞ്ഞ തുണികളോ പുതപ്പുകളോ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുന്നത് ബെൽറ്റുകളിൽ തടസ്സമുണ്ടാക്കാൻ കാരണമാകും.

കയറുകൊണ്ട് കെട്ടിയവ: പെട്ടികളോ ബാഗുകളോ വെറും കയറുകൊണ്ട് മാത്രം ചുറ്റിക്കെട്ടുന്നത് ഒഴിവാക്കുക.

പരന്ന പ്രതലമില്ലാത്തവ: ചുരുങ്ങിയത് ഒരു വശമെങ്കിലും കൃത്യമായ നിരപ്പില്ലാത്ത ബാഗുകൾ ഓട്ടോമേറ്റഡ് സിസ്റ്റം തിരിച്ചറിയുകയില്ല.

ബാഗുകൾ പാക്ക് ചെയ്യുമ്പോൾ നിരപ്പായ ഒരു വശമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. കാർഡ്ബോർഡ് പെട്ടികളിലാണ് സാധനങ്ങൾ കൊണ്ടുപോകുന്നതെങ്കിൽ അവ നല്ല രീതിയിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരിക്കണം.

ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ വിമാനത്താവളങ്ങളിൽ ലഭ്യമായ പ്രൊഫഷണൽ പ്ലാസ്റ്റിക് ഷ്രിങ്ക് റാപ്പിംഗ് ഉപയോഗിക്കാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa