Thursday, March 12, 2026
Middle EastTop Stories

കടുത്ത നിലപാടുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി; സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രസ്താവന പുറത്ത്

മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിന് ശേഷം ഇറാന്റെ പുതിയ ഭരണാധികാരിയായി നിയമിതനായ മുജ്തബ ഖമേനി തന്റെ ആദ്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം ശക്തമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് മുജ്തബ ഖമേനി വ്യക്തമാക്കി. എന്നാൽ അയൽരാജ്യങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും.

ഇത്തരം താവളങ്ങൾക്കെതിരെ മാത്രമേ ആക്രമണം നടത്തുകയുള്ളൂവെന്നും അത് ആ രാജ്യങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന്റെ ശത്രുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള പ്രധാന ആയുധമായി ഹോർമുസിനെ ഉപയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

കൊല്ലപ്പെട്ട മുൻ നേതാക്കൾ മുതൽ ആക്രമണങ്ങളിൽ ഇരകളായ പിഞ്ചുകുഞ്ഞുങ്ങൾ വരെയുള്ള എല്ലാ രക്തസാക്ഷികളുടെയും രക്തത്തിന് പ്രതികാരം ചെയ്യുമെന്നും നീതി ഉറപ്പാക്കുന്നത് വരെ ഇറാന്റെ പോരാട്ടം തുടരുമെന്നും മുജ്തബ ഖമേനി ആവർത്തിച്ചു.

സൈന്യത്തിന്റെ ത്യാഗങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാജ്യം വിഭജിക്കപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിൽ സൈന്യം വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സാമ്പത്തികവും അല്ലാത്തതുമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം, ഇറാനിലെ ജനങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണെന്നും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa