തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

രക്തം പുരണ്ട സ്‌കൂൾ ബാഗുകളും ഷൂസുകളും; ചർച്ചക്കായി ഇറാൻ സംഘം സഞ്ചരിച്ച വിമാനത്തിലെ കരളലിയിക്കുന്ന കാഴ്ച (വീഡിയോ)

അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ സംഘം സഞ്ചരിച്ച വിമാനത്തിൽ കരളലിയിക്കുന്ന കാഴ്ച.

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ ചിത്രങ്ങളും അവരുടെ ബാഗുകൾ ഉൾപ്പെടെയുള്ള സാധനങ്ങളും വിമാനത്തിലെ സീറ്റുകളിൽ വെച്ചാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലെത്തിയത്.

ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-നാണ് തെക്കൻ ഇറാനിലെ മിനാബിലുള്ള ഷജറ തയീബ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്.

യുഎസ് നാവികസേനയുടെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ പതിച്ച് 168 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും 7-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു.

ഇന്റലിജൻസ് വിവരങ്ങളിലെ പിഴവ് മൂലം സ്കൂൾ കെട്ടിടത്തെ സൈനിക കേന്ദ്രമായി തെറ്റായി തിരിച്ചറിഞ്ഞതാണ് ദുരന്തത്തിന് കാരണമായതെന്ന് പിന്നീട് അമേരിക്കൻ അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

വിമാനത്തിലെ കാലിയായ സീറ്റുകളിൽ കുട്ടികളുടെ ചിത്രങ്ങൾക്കും ബാഗുകൾക്കും റോസാപ്പൂക്കൾക്കുമൊപ്പം ഇരിക്കുന്ന ചിത്രം ഖാലിബാഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ഈ വിമാനത്തിൽ എന്റെ സഹയാത്രികർ, മിനാബിലെ ആ 168 പേർ” എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ചർച്ചകൾക്ക് മുൻപായി ലോകത്തിന് മുന്നിൽ അമേരിക്കയുടെ ആക്രമണത്തിന്റെ ഭീകരത തുറന്നുകാട്ടാനാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.

രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെയാണ് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറായത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുഎസിനെ പ്രതിനിധീകരിക്കുന്നത്.

തങ്ങൾക്ക് അമേരിക്കയിൽ വിശ്വാസമില്ലെന്നും എന്നാൽ ഇറാൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു യഥാർത്ഥ കരാറിന് തയ്യാറാണെന്നും പാകിസ്ഥാനിലെത്തിയ ഖാലിബാഫ് വ്യക്തമാക്കി.

മിനാബിലെ സ്കൂൾ കുട്ടികളുടെ മരണം ഇറാൻ ജനതയുടെ ഇടയിൽ വലിയ വൈകാരികത സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ചകളിൽ ഇറാൻ ആയുധമാക്കുമെന്നുറപ്പാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group