സൗദിയിൽ നിന്നും ഹജ്ജിന് പോകുന്ന സ്വദേശികൾക്കും വിദേശികൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സൗദിയിൽ നിന്നും ഇപ്രാവശ്യം ഹജ്ജിന് പോകുന്ന സ്വദേശികളും വിദേശികളുമായ ഹാജിമാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.
വരാനിരിക്കുന്ന ഹജ്ജ് സീസണിന്റെ മറവിൽ പ്രവർത്തിക്കുന്ന വ്യാജ ഹജ്ജ് ക്യാമ്പുകൾക്കും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കുമെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വിവിധ വെബ്സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് സ്വദേശികളോടും പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്ക് സേവനം നൽകാൻ ലൈസൻസുള്ള ഹജ്ജ് ക്യാമ്പുകളെയും ഓഫീസുകളെയും കുറിച്ച് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബോധ്യപ്പെടണം.
നിയമപരമായ അനുമതിയില്ലാത്ത സ്ഥാപനങ്ങൾ വഴി പെർമിറ്റുകൾ എടുക്കാൻ ശ്രമിക്കുന്നത് നിയമനടപടികൾക്കും പണം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്ന ക്യാമ്പുകളോ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയ്ക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിൻറെ മറ്റു പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിവരം അറിയിക്കണം.
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷയും കൃത്യമായ സേവനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
