ശനിയാഴ്‌ച, ഏപ്രിൽ 25, 2026
Saudi ArabiaTop Stories

സൗദിയിൽ പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

സൗദി അറേബ്യയിലെ അൽ ഖോബാറിൽ പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് (50) ആണ് മരിച്ചത്.

അൽ ഖോബാർ തുഖ്ബയിൽ ദീർഘകാലമായി സുഹൃത്തുമായി ചേർന്ന് നടത്തിവന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന സ്വന്തം ലഘുഭക്ഷണശാലയിൽ സംസാരിച്ചു നിൽക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ ആംബുലൻസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി സൗദിയിൽ പ്രവാസിയായിരുന്ന മുഹമ്മദ് കുഞ്ഞ്, സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു.

ഐ.സി.എഫ് (ICF) പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. പരേതരായ അലികുഞ്ഞിയുടെയും ജമീലബീവിയുടെയും മകനാണ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്.

മൃതദേഹം നിലവിൽ ദമ്മാം ദോസ്സരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa