ചൊവ്വാഴ്‌ച, ഏപ്രിൽ 28, 2026
Saudi ArabiaTop Stories

സൗദി പ്രവാസികൾ ശ്രദ്ധിക്കുക; ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ശക്തമായ മുന്നറിയിപ്പ്

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) ശക്തമായ മുന്നറിയിപ്പ് നൽകി.

നിയമലംഘകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നവർക്കെതിരെ തടവും പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

എല്ലാത്തരം വിസിറ്റ് വിസകളിൽ എത്തിയവർ, ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർ, മക്കയിൽ താമസിക്കാനോ ജോലി ചെയ്യാനോ ഉള്ള പെർമിറ്റ് ഇല്ലാത്തവർ തുടങ്ങിയവരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലെക്കോ എത്തിക്കുന്നത് ശിക്ഷാർഹമാണ്.

നിയമം ലംഘിന്നവർക്ക് ഒരുലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും, നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കോടതി ഉത്തരവിലൂടെ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

ഇതിന് പുറമെ നിയമലംഘനം നടത്തുന്നത് വിദേശികളാണെങ്കിൽ അവരെ നാടുകടത്തുകയും നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

വാഹനങ്ങൾക്ക് കൃത്യമായ ഓപ്പറേഷൻ കാർഡും ലൈസൻസും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അതോറിറ്റി നിശ്ചയിച്ച റൂട്ടുകളിലൂടെ അല്ലാതെ യാത്ര ചെയ്യാൻ പാടില്ല.

ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്നും അനുമതിയില്ലാത്ത മേഖലകളിൽ പ്രവേശിക്കാൻ ശ്രമിക്കരുതെന്നും ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിച്ചു.

ദുൽ ഖഅദ് 1 (ഏപ്രിൽ 19) മുതൽ ദുൽ ഹിജ്ജ 14 (മെയ് 31) വരെയാണ് ഈ കർശന നിയന്ത്രണങ്ങൾ നിലവിലുണ്ടാകുക. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa