തിങ്കളാഴ്‌ച, മെയ്‌ 25, 2026
KeralaTop StoriesU A E

മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പ്രവാസി വ്യവസായിയും ഭാര്യയും നാട്ടിൽ ജീവനൊടുക്കി

പ്രവാസി മലയാളികളെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തിക്കൊണ്ട് നാട്ടിൽ വീണ്ടും ഒരു പ്രവാസി ദമ്പതികളുടെ ദാരുണ അന്ത്യം. കൊല്ലം സ്വദേശിയായ വ്യവസായിയെയും ഭാര്യയെയുമാണ് നാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്. സുഗതൻ (67), ഭാര്യ ലത (65) എന്നിവരാണ് മടക്കയാത്രക്ക് മുൻപ് ജീവിതം അവസാനിപ്പിച്ചത്.

അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇവർ തിരികെ യുഎഇയിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ശനിയാഴ്ച വൈകിട്ടത്തെ വിമാനത്തിൽ മടങ്ങുന്നതിനായി ഇരുവരും ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു.

എന്നാൽ ശനിയാഴ്ച രാവിലെ യാത്ര പുറപ്പെടേണ്ട സമയമായിട്ടും ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിക്കുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സുഗതനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ ജീവനറ്റ നിലയിലുമാണ് കണ്ടെത്തിയത്. ലത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന പ്രാഥമിക നിഗമനങ്ങളുണ്ടെങ്കിലും, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണവിവരമറിഞ്ഞ് യുഎഇയിലുള്ള ഇവരുടെ മക്കൾ നാട്ടിലെത്തിയിട്ടുണ്ട്. റാസൽഖൈമയിൽ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയും റസ്റ്റോറന്റും നടത്തിവരികയായിരുന്ന സുഗതൻ നാട്ടിലും ചില ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയായിരുന്നു.

വർഷങ്ങളായി ഗൾഫിലും നാട്ടിലുമായി വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോയ ദമ്പതികളുടെ പെട്ടെന്നുള്ള ഈ തീരുമാനം ബന്ധുക്കളെയും പ്രവാസി സുഹൃത്തുക്കളെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഞായറാഴ്ച പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ സാധാരണ ഹൈന്ദവാചാര പ്രകാരം മൃതദേഹം ചിതകൂട്ടി ദഹിപ്പിക്കുന്നതിന് പകരം, ഇരുവരുടെയും മൃതദേഹങ്ങൾ മണ്ണിൽ അടക്കം ചെയ്യാനാണ് ബന്ധുക്കൾ തീരുമാനിച്ചത്.

മരണത്തിൽ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ദുരൂഹതകളോ ഉയർന്നുവരികയോ, കേസിന്റെ തുടരന്വേഷണത്തിനായി ശാസ്ത്രീയ പരിശോധനകൾ ആവശ്യമായി വരികയോ ചെയ്താൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടും പുറത്തെടുക്കാൻ സാധിക്കണം എന്ന മുൻകരുതലിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.

ഒരു പ്രവാസി കുടുംബത്തിന്റെ സ്വപ്നങ്ങളെ തകർത്ത ഈ ദാരുണ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa