സൗദിയിലെ വർക്ക് പെർമിറ്റ് ഇളവ് കാലാവധി നീട്ടൽ: തൊഴിലുടമകൾക്ക് ലഭിച്ച ദീർഘകാല ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?
റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകളുള്ള വിദേശ തൊഴിലാളികളുടെ രേഖകൾ ശരിയാക്കാനുള്ള ഇളവ് കാലാവധി 2026 ഡിസംബർ അവസാനം വരെ നീട്ടിനൽകിയത് തൊഴിലുടമകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ഖിവ പ്ലാറ്റ്‌ഫോം വഴി ജൂലൈ 1 മുതൽ നടപ്പിലാക്കാനിരുന്ന കർശനമായ ഓട്ടോമാറ്റിക് റദ്ദാക്കൽ നടപടികളിൽ നിന്ന് താൽക്കാലികമായി രക്ഷനേടാനും, ബിസിനസ്സ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും തൊഴിലുടമകൾക്ക് ലഭിച്ച സുവർണ്ണാവസരമാണിത്.
വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 12 മാസത്തിൽ കൂടുതലായ വിദേശ തൊഴിലാളികൾ, ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച് ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ വർക്ക് പെർമിറ്റ് അനുവദിക്കാൻ സാധിക്കാത്ത ജീവനക്കാർ എന്നിവർക്ക് ഇളവ് പ്രയോജനപ്പെടുത്താം.
ഈ അധിക സമയം ലഭിച്ച സാഹചര്യത്തിൽ തൊഴിലുടമകൾ വലിയ പിഴകളിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകൾ പുതുക്കുകയും പുതിയ തൊഴിലാളിയാണെങ്കിൽ വർക് പെർമിറ്റ് ഇഷ്യൂ ചെയ്യുകയും ചെയ്യുക.
കുടിശ്ശികയുള്ള വർക്ക് പെർമിറ്റ് ഫീസുകൾ എത്രയും വേഗം അടച്ചുതീർത്ത് ഈ വർഷാവസാനത്തിന് മുൻപ് തന്നെ പെർമിറ്റുകൾ പുതുക്കുക.
സ്ഥാപനത്തിൽ നിലനിർത്താൻ സാധിക്കാത്ത ജീവനക്കാരാണെങ്കിൽ, ഈ ഇളവ് കാലാവധിക്കുള്ളിൽ തന്നെ അവരുടെ സർവീസ് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുക.
ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്ത കാലയളവിലെ എല്ലാ സാമ്പത്തിക ബാധ്യതകളും ഫീസുകളും അടച്ചുതീർക്കാൻ തൊഴിലുടമ തന്നെയാണ് ബാധ്യസ്ഥൻ.
2026 ഡിസംബർ കഴിഞ്ഞിട്ടും രേഖകൾ ശരിയാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അതത് സമയങ്ങളിൽ ബാധകമായ എല്ലാ നിയമനടപടികളും പിഴകളും മന്ത്രാലയം കർശനമായി നടപ്പിലാക്കും.
ലഭിച്ച ഈ ദീർഘകാല ഇളവ് പൂർണ്ണമായും പ്രയോജനപ്പെടുത്തി, പിഴവുകളില്ലാതെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ സ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
