ആരോഗ്യ രംഗത്ത് ഖത്തറിനു ആഗോള തലത്തിൽ അഞ്ചാം സ്ഥാനം
ആയുസ്സിൻ്റെ കാര്യത്തിലും, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും നടപ്പാക്കിയ പദ്ധതികളുടെ റിസൽട്ടിലും മികച്ച് നിന്ന ഖത്തർ ആരോഗ്യ രംഗത്ത് ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്തിനു അർഹരായി.
ലണ്ടൻ ആസ്ഥാനമായ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണു ഖത്തർ തങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വർഷം 13 ആം റാങ്കായിരുന്നു ഖത്തറിനുണ്ടായിരുന്നത്.
ആരോഗ്യ മേഖലയിൽ ഖത്തർ ചെലവഴിക്കുന്ന തുക മിഡിലീസ്റ്റിൽ തന്നെ ഏറ്റവും വലുതാണ്. 2018 ൽ മാത്രം 22.7 ബില്ല്യൻ റിയാൽ ആരോഗ്യ മേഖലക്കായി ഖത്തർ ചെലവഴിച്ചിട്ടുണ്ട്. ഇത് 2017 നേക്കാൾ 4 ശതമാനം അധികമാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 6 പബ്ളിക് സെക്റ്റർ ഹോസ്പിറ്റലുകളും, 4 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളും തുറന്ന ഖത്തർ ആരോഗ്യ മന്ത്രാലയം കാൻസർ, പ്രമേഹം, പുക വലി തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധയാണ് നല്കിപ്പോരുന്നത്.
സിംഗപ്പൂർ ,ലക്സംബർഗ്, ജപ്പാൻ, സ്വിറ്റ്സർലന്റ് എന്നീ നാല് രാജ്യങ്ങളാണ് ഖത്തറിന് മുന്നിൽ ആരോഗ്യ രംഗത്ത് മികച്ച് നിൽക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa