അൽ-ഖർജിൽ അപകടം ഒഴിഞ്ഞു; ആളുകൾ ഒത്തുകൂടുന്നതും ചിത്രമെടുക്കുന്നതും ഒഴിവാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ്
പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ സൗദി അറേബ്യയിലെ അൽ-ഖർജ് പ്രവിശ്യയിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തര അപകടസാഹചര്യം ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ പൊതുസുരക്ഷ മുൻനിർത്തി പ്രതിരോധ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ‘911’ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.
നേരത്തെ, നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിംഗ് വഴി അൽ-ഖർജിലെ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അപകടസാഹചര്യം പൂർണ്ണമായി മാറുന്നത് വരെ ജനങ്ങൾ ശാന്തത പാലിക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നുമായിരുന്നു നിർദ്ദേശം.
മുന്നറിയിപ്പ് ലഭിക്കുന്ന സമയത്ത് ജനാലകൾ, ബാൽക്കണികൾ, ഗ്ലാസ് നിർമ്മിത വസ്‌തുക്കൾ എന്നിവയിൽ നിന്ന് മാറി കെട്ടിടത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
പുറത്തുള്ളവർ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതെ തൊട്ടടുത്തുള്ള സുരക്ഷിത കെട്ടിടങ്ങളിലോ ശക്തമായ മറവുകളിലോ അഭയം തേടുക. യാത്രയ്ക്കിടയിലാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ വലിയ പാലങ്ങൾക്കും ഉയർന്ന കെട്ടിടങ്ങൾക്കും മരങ്ങൾക്കും താഴെ അല്ലാതെ റോഡിന്റെ ഒരു വശത്തേക്ക് വാഹനം സുരക്ഷിതമായി മാറ്റി നിർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അപകടസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കാനോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനോ (ഫോട്ടോഗ്രാഫി/വീഡിയോ) പാടുള്ളതല്ല. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ രാജ്യം സജ്ജമാണെന്നും, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അത്യാധുനികമായ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതെന്നും സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
