Thursday, November 28, 2024
Kerala

ഗൾഫിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്, നാട്ടിലെ മണ്ണിൽ പൊന്നു വിളയിക്കാൻ

വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക, വിദേശയൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത കോഴ്സ് പൂർത്തിയാക്കുക, സാധാരണക്കാരന് സ്വപ്നം പോലും കാണാൻ കഴിയാത്ത ശമ്പളത്തിൽ വിദേശത്ത് ജോലി നേടുക, കൃഷിയോടുള്ള അമിതമായ ഭ്രമത്തിൽ ജോലി ഉപേക്ഷിച്ച് കൃഷിയിൽ പരീക്ഷണത്തിനിറങ്ങുക, കൃഷിയിലൂടെ സ്വപ്നം കൊയ്തെടുക്കുക.

പ്രവാസിയായിരുന്ന 42 കാരൻ, മലപ്പുറം ജില്ലയിലെ കാളികാവ് അരിമണൽ തറപ്പേൽ ജോപ്പു ജോൺ എന്ന യുവകർഷകന്റെ കഥ ആരിലും അതിശയം ജനിപ്പിക്കും.

സാമ്പത്തിക ഭദ്രതയുള്ള കർഷക കുടുംബത്തിലാണ് ജനിച്ചത്. ഓസ്ടിയയിൽ നിന്ന് എയർ ക്രാഫ്റ്റ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ദുബായ് എമിറേറ്റ്സിൽ എഞ്ചിനീയറായി ജോലിയും നേടി. ലക്ഷങ്ങൾ ശമ്പളം വാങ്ങി അഞ്ചു വർഷത്തെ പ്രവാസം. അതിനിടെ തന്റെ പാരമ്പര്യ കൃഷിയറിവും പുറമെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രീയ കൃഷി രീതിയും പഠിച്ച ജോപ്പു, തന്റെ ജോലി വിണ്ണിലല്ല മണ്ണിലാണെന്നു തിരിച്ചറിഞ്ഞു. പിന്നെ താമസിച്ചില്ല എമിറേറ്റ്സ് വിമാനക്കമ്പനിക്ക് രാജി എഴുതി നൽകി നാട്ടിലേക്ക് വിമാനം കയറി. ഉന്നത തസ്തികയിലായിരുന്ന, ഡിഗ്രിയും ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്ലോമയുള്ള ഭാര്യ ബോബിയും കൂട്ടിന്. ഇരുവരും പ്രവാസത്തിന് വിട നൽകി സഹ്യന്റെ താഴ്വാരത്തിലെ പൊന്നു വിളയുന്ന ഭൂമിയിലെത്തി.

Joppu-2

റബ്ബർ, തെങ്ങ്, കമുങ്ങ് തുടങ്ങി യുള്ള പാരമ്പര്യ കൃഷിക്കപ്പുറം എല്ലാ കാലത്തും ഡിമാന്റുള്ള പഴകൃഷിയിലായിരുന്നു പരീക്ഷണം. ധാരാളം വെള്ളം ലഭിക്കുന്ന 10 ഏക്കർ ഭൂമിയിലാണ് ഇന്ന് പഴങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. വിദേശികളായ റംബൂട്ടാൻ, മങ്കോസ്റ്റിൻ, ഫുലാസാൻ, ചിക്കു തുടങ്ങിയവയും സുഗന്ധവ്യഞ്ജനങ്ങളായ ജാതി, കരയാമ്പൂ, തുടങ്ങിയവയും തന്റെ പ്രതീക്ഷയും കടന്നാണ് വിളവെടുത്തത് ജോപ്പു പറഞ്ഞു.

സീസൺ കാലത്ത് ആഴ്ചയിലൊരിക്കൽ വിളവെടുക്കുന്നതിലൂടെ ലക്ഷങ്ങളാണ് ജോപ്പു നേടുന്നത്. കോയമ്പത്തൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വിപണി. അത്യുൽപ്പാദനശേഷിയുള്ള കുള്ളൻ തെങ്ങുകൾ, കമുങ്ങുകൾ എന്നിവയും ജോപ്പു വികസിപ്പിച്ചെടുത്തിട്ടുണ്ട്. റബ്ബറടക്കം അമ്പതോളം ഏക്കറിൽ പരന്നു കിടക്കുന്നതാണു് ജോപ്പുവിന്റെ കൃഷിഭൂമി .

കൃഷിയറിവിന്റെയും പരീക്ഷണത്തിന്റെയും ഫലമായി സംസ്ഥാന കാർഷിക അവാർഡും ലഭിച്ചിട്ടുണ്ട്. മണ്ണിലിറങ്ങാനും മണ്ണിനോട് സല്ലപിക്കാനും തയ്യാറായാൽ ആർക്കും മണ്ണ് തിരിച്ചുനൽകുമെന്ന് ഈ യുവകർഷകൻ പറയുന്നു.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa