Monday, September 23, 2024
Dammam

കിട്ടിയ ജോലി ചെയ്യാനാകാതെ കുഴപ്പത്തിലായ തമിഴ്‌നാടുകാരൻ, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ തിരികെ മടങ്ങി.

ദമ്മാം: നാട്ടിൽ ചെറിയ ട്രിപ്പറുകളും ലോറിയും ഓടിച്ച പരിചയം വെച്ചാണ് തമിഴ്നാട് കോയമ്പത്തൂർ ഈറോഡ് സ്വദേശിയായ അശോക് കുമാർ കന്തസ്വാമി, ഒരു ട്രാവൽ ഏജൻസി വഴി സൗദി അറേബ്യയിൽ ഹെവി ഡ്രൈവർ ജോലിയ്ക്ക് എത്തിയത്. എന്നാൽ സ്പോണ്സർ അയാളോട് ആവശ്യപ്പെട്ടത് വൻകിട ട്രൈലറുകളും, ഹെവിവാഹനങ്ങളും ഓടിയ്ക്കാനും. പരിചയമില്ലാത്ത വലിയ വാഹനങ്ങൾ ഓടിയ്ക്കാൻ കഴിയാതെ  ഭയം നിറഞ്ഞപ്പോൾ, അശോക് കുമാറിന്റെ പ്രവാസജീവിതം ഒരു ചോദ്യചിഹ്നമായി മാറി. ഇക്കാമ പോലും ഇല്ലാത്ത അവസ്ഥയിൽ എത്തി നട്ടം തിരിഞ്ഞ ആ യുവാവിന്, ഒടുവിൽ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായം ലഭിച്ചപ്പോൾ, നിയമനടപടികൾ പൂർത്തിയായി അയാൾ നാടണഞ്ഞു.
 
ദമ്മാമിലെ ഒരു കമ്പനിയിൽ ഹെവി ഡ്രൈവർ ആയിട്ടാണ് അശോക് കുമാർ വന്നത്. എന്നാൽ ജീവിതത്തിൽ ആദ്യമായി കാണുന്ന വലിയ വാഹനങ്ങൾ ഓടിയ്ക്കാൻ ഉള്ള ധൈര്യം അയാൾക്ക് ഉണ്ടായില്ല. തന്നെ തിരികെ അയയ്ക്കണമെന്ന് അയാൾ ആവശ്യപ്പെട്ടെങ്കിലും സ്പോൺസർ വഴങ്ങിയില്ല. മാത്രമല്ല, ജോലി ഉറപ്പ് ഇല്ലാത്തതിനാൽ അശോക് കുമാറിന്റെ ഇക്കാമയും കമ്പനി എടുത്തില്ല. തുടർന്ന് അയാൾ ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. എംബസ്സി നാട്ടിലുള്ള ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചു. ട്രാവൽ ഏജന്റ്  ജുബൈൽ ഇസ്ലാമിക്ക് സെന്റർ സാമൂഹ്യപ്രവർത്തകനായ യാസിറിനെ ബന്ധപ്പെട്ട് ഈ കേസിൽ ഇടപെടാൻ അഭ്യർത്ഥിച്ചു. യാസിർ  നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബു കുമാറിനെ ബന്ധപ്പെട്ട് ഈ കേസിന്റെ വിവരങ്ങൾ കൈമാറി. 
 
ഷിബുകുമാർ കിട്ടിയ വിവരങ്ങൾ വെച്ച് അശോക് കുമാറിനെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. തുടർന്ന് അശോക് കുമാറിന്റെ സ്‌പോൺസറെ നേരിട്ട് കണ്ട് സംസാരിച്ചു. 
വളരെ നല്ലവനായിരുന്നു ആ സ്പോൺസർ. അശോക് കുമാറിനെ ഡ്രൈവിംഗ് സ്ക്കൂളിൽ നല്ല ട്രെയിനിങ് കൊടുത്ത് ലൈസെൻസ് എടുക്കാം എന്നൊക്കെ അയാൾ വാഗ്ദാനം ചെയ്തു. എന്നാൽ പേടി കാരണം, തനിയ്ക്ക് ഇത്ര വലിയ വാഹനങ്ങൾ ഓടിയ്ക്കാൻ കഴിയില്ലെന്ന നിലപാടിൽ അശോക് കുമാർ ഉറച്ചു നിന്നു. 
തുടർന്ന് ഷിബുകുമാറും യാസിറും സ്പോൺസറുമായി നടത്തിയ ദീർഘമായ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഒടുവിൽ അശോക് കുമാറിന് എക്സിറ്റ് വിസ അടിച്ചു നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. പകരം, സ്പോൺസറിന് പുതിയ ഹെവിഡ്രൈവറെ റിക്രൂട്ട് ചെയ്ത് നൽകാമെന്ന് ട്രാവൽ ഏജന്റും സമ്മതിച്ചു.
 
യാസിർ തന്നെ അശോക് കുമാറിന് വിമാനടിക്കറ്റ് നൽകി. നിയമനടപടികൾ പൂർത്തിയാക്കി അശോക് കുമാർ നാട്ടിലേയ്ക്ക് മടങ്ങി.
 
പ്രവാസലോകത്ത് തങ്ങൾ ചെയ്യാൻ പോകുന്ന ജോലിയെക്കുറിച്ച് വ്യക്തമായ അറിവ് ഓരോ ഉദ്യോഗാർത്ഥിയ്ക്കും കൊടുക്കേണ്ടത് ട്രാവൽ ഏജന്റുമാരുടെ കടമയാണ്. അത് പോലെ വിദേശത്തു കിട്ടുന്ന  ജോലി ചെയ്യാനുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി മാത്രമേ പ്രവാസലോകത്തിൽ  ജോലിയ്ക്ക് വരാവൂ. ഇല്ലെങ്കിൽ ഇതുപോലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരുമെന്ന് നവയുഗം നിയമസഹായവേദി മുന്നറിയിപ്പ് നൽകി.
 
ഫോട്ടോ: അശോക് കുമാറിന് (ഇടത്) ഷിബുകുമാർ യാത്രാരേഖകൾ കൈമാറുന്നു. യാസിർ സമീപം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q