Sunday, September 22, 2024
Kerala

ന്യൂസിലാൻറ് ഭീകരാക്രമണം; ഭരണാധികാരികളെയും ജനതയേയും വാനോളം പുകഴ്ത്തി ഇമാമുമാർ

ന്യൂസിലാന്റ് ക്രൈസ്റ്റ് ചർച്ച് അൽ നൂർ മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ ലോകത്തിനു മാതൃകയായ അവിടത്തെ ഭരണാധികാരികളെയും ജനതയേയും വാനോളം പുകഴ്ത്തി കേരളത്തിലെ ഇമാമുമാർ. ലോകത്തെ നടുക്കിയ സംഭവത്തിൽ ഭരണകൂടവും ജനങ്ങളും ഇസ്ലാമിനോടും മുസ്ലിംകളോടും കാണിച്ച ദാക്ഷിണ്യവും ഐക്യദാർഡ്യവുമാണ് പുകഴ്ത്തലിനു കാരണം. കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ മിക്ക പള്ളികളിലും ജുമുഅ പ്രസംഗത്തിൽ ഈ സംഭവം എടുത്ത് പറയപ്പെട്ടു.

സംഭവത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും നടന്നു. മിക്ക ഇമാമുമാരും പ്രസംഗത്തിൽ എടുത്തു പറഞ്ഞ കാര്യം അവിടത്തെ പ്രധാനമന്ത്രി ജസിന്റ ആൻഡേണിന്റെ ധീരതയും ആത്മാർത്ഥതയും ആ രാജ്യത്തെ ജനങ്ങൾക്കു മുസ്ലിംകളോടുള്ള ദയാവായ്പിന്റെയും ലോകോത്തര മാതൃകയെ പറ്റിയായിരുന്നു. ലോകത്ത് എവിടെയും മുസ്ലിംകൾക്കുണ്ടായിട്ടുള്ള ദുരന്തങ്ങളിൽ ഒരു അമുസ്ലിം ഭരണകൂടത്തിൽ നിന്നും ജനതയിൽ നിന്നും ഇതുപോലുള്ള സ്നേഹവായ്പ് മറ്റൊരിടത്തും ലഭിച്ചിട്ടില്ല.

പാർലിമെന്റ് സമ്മേളനം ഖുർആൻ പാരായണം കൊണ്ട് തുടങ്ങുക, രാജ്യമാകമാനം രണ്ടു മിനിട്ട് ദു:ഖാചരണം നടത്തുക, വെള്ളിയാഴ്ച പ്രസംഗം റോഡിയോയിലുടെയും ഔദ്യോഗിക ചാനലുകളിലടക്കം സംപ്രേഷണം ചെയ്യുക, പ്രധാനമന്ത്രി പോലും പ്രസംഗം കേൾക്കാൻ പള്ളി പരിസരത്തെത്തുക, തുടങ്ങിയുള്ള കാര്യങ്ങൾ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും അംഗീകാരവും വിജയവുമായാണ് ഇമാമുമാർ അവതരിപ്പിച്ചത്. അതിക്രൂരമായ സംഭവം ന്യൂസിലാൻറിൽ നടന്നിട്ടും അവിടത്തെ മുസ്ലിംകളിൽ ഒരു പ്രതിഷേധ സ്വരം പോലും പുറത്ത് കേൾക്കേണ്ടി വരാത്തത് മുസ്ലിംകൾക്ക് തുല്യനീതിയും അവകാശവും ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

ലോകത്ത് മുസ്ലിംകളെയും ഇസ്ലാമിനെയും തെറ്റായി ചിത്രീകരിക്കുകയും ഭീകരത ആരോപിക്കുകയും ചെയ്യുന്ന പ്രവണത ഏറി വരുന്ന കാലത്ത് ന്യൂസിലാൻറ് ഭരണകൂടത്തിന്റെ നടപടി മുസ്ലിംകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് ഇമാമുമാർ എടുത്ത് പറഞ്ഞു.

അജയ്യമായ ഇസ്ലാം മതത്തെയും അതിന്റെ സംസ്കാരത്തെയും തകർക്കാൻ ആർക്കു മാവില്ലെന്നും പാശ്ചാത്യ ലോകം ഇസ്ലാമിനെ പഠിക്കാനും ഉൾക്കൊള്ളാനും വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നും അവർ ഓർമിപ്പിച്ചു. നമസ്കാരം കൊണ്ടും ക്ഷമ കൊണ്ടും നിങ്ങൾ ദൈവത്തോട് സഹായം തേടുകയെന്നും ക്ഷമാശീലൻമാരുടെ കൂടെയാണ് ദൈവമെന്നും ഓർമിപ്പിച്ചു. തീവ്രചിന്തകളിൽ നിന്നും വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നും മുസ്ലിംകൾ വിട്ടുനിൽക്കണമെന്നും എല്ലാ ഇമാമുമാരും ഏകസ്വരത്തിൽ ഉൽബോധിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q