സ്ത്രീ മനസ്സിന്റെ വിഹ്വലതകളായിരുന്നു അഷിതയുടെ തൂലിക വരച്ചിട്ടത്: നവയുഗം വായനവേദി
ദമ്മാം: പ്രശസ്ത എഴുത്തുകാരി അഷിതയുടെ വിയോഗത്തിൽ നവയുഗം സാംസ്ക്കാരികവേദി വായനവേദി അനുശോചനം അറിയിച്ചു.
മലയാള ചെറുകഥാരംഗത്തിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അനുഗ്രഹീത സാഹിത്യകാരിയായിരുന്നു. അഷിത. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ സ്ത്രീ മനസ്സിന്റെ വിഹ്വലതകളും, സങ്കീർണ്ണതകളും വിളിച്ചു പറഞ്ഞ കഥകളായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്.
തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ച അഷിത, ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി, പിന്നീട് കേരളത്തിൽ സ്ഥിരതാമസമാക്കുകയും, എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്യുകയാണ് ഉണ്ടായത്. യാഥാസ്ഥിതികമായ കുടുംബത്തിൽ നിന്നും ഉയർന്ന ഒട്ടേറെ എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് അവർ എഴുത്തിന്റെ ലോകത്തിലേയ്ക്ക് കടന്നത്.
വിസ്മയചിഹ്നങ്ങൾ, അപൂർണ്ണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടിൽ, ശിവസേവന സഹവർത്തനം, മയിൽപ്പീലി സ്പർശം, ഭൂമി പറഞ്ഞ കഥകൾ, പദവിന്യാസങ്ങൾ എന്നിവയാണ് അഷിതയുടെ പ്രധാനകൃതികൾ. സ്ത്രീയുടെ പല അവസ്ഥകളെയും, സമൂഹത്തെക്കുറിച്ചുള്ള ധാരണയും, ഹൃദയസ്പർശമായ വിധം അവരുടെ കഥകളിൽ ചിത്രീകരിച്ചിട്ടുണ്ട്. വായക്കാരുടെ മനസ്സിൽ ശക്തമായ സ്വാധീനം ചെലുത്താൻ അവരുടെ കഥകൾക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ്, ഇടശ്ശേരി അവാർഡ്, പത്മരാജൻ പുരസ്കാരം, അങ്കണം അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, തോപ്പിൽ രവി അവാർഡ് തുടങ്ങിയ ധാരാളം അവാർഡുകൾ അവർ നേടിയിട്ടുണ്ട്.
ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത, മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിത, ഹൈക്കു കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യത്തിൻറെ സംഭാവനകൾക്ക് അപ്പുറം, മനസ്സിൽ മനുഷ്യത്വം എന്നും സൂക്ഷിച്ച സാമൂഹികജീവിയായിരുന്നു അഷിത. വിവിധ കര്‍മ്മരംഗങ്ങളിലുള്ളവരുമായി പ്രായഭേദമെന്യെ ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്നതില്‍ അവർ ബദ്ധശ്രദ്ധയായിരുന്നു. മാധവിക്കുട്ടിയുമായുള്ള അടുത്ത സൗഹൃദം നൽകിയ ജീവിതാനുഭവങ്ങൾ അവർ തന്നെ തുറന്നു എഴുതിയിട്ടുണ്ട്.
സാഹിത്യലോകത്തെ ബഹുമുഖപ്രതിഭയെന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായിരുന്നു അഷിതയെന്നും, അവരുടെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും നവയുഗം വായനവേദി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa