Tuesday, November 26, 2024
Dammam

2019 ലോകസഭ ഇലക്ഷനിലൂടെ ഇടതുപക്ഷം ഉൾപ്പെട്ട മൂന്നാം മുന്നണി അധികാരത്തിൽ വരും : നവയുഗം

ദമ്മാം: 2019 ലോകസഭ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിയോ കോൺഗ്രെസ്സോ അല്ലാത്ത, പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം – ദല്ല മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന, ലോകസഭതെരെഞ്ഞെടുപ്പ് കൺവെൻഷൻ രാഷ്ട്രീയപ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

ജനദ്രോഹസാമ്പത്തികനയങ്ങളിൽ ബി.ജെ.പിയും കോൺഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. പെട്രോൾ ഡീസൽ വില നിശ്ചയിയ്ക്കാനുള്ള അധികാരം എണ്ണ കമ്പനികൾക്ക് വിട്ടു കൊടുത്തതും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിയ്ക്കുന്ന സമ്പ്രദായം തുടങ്ങിയതും, കോർപ്പൊറേറ്റുകൾക്ക് രാജ്യത്തിൻറെ സ്വത്തുക്കളും, ബാങ്ക് വായ്പകളും വൻതോതിൽ ലഭ്യമാക്കിയത് ഉൾപ്പെടെയുള്ള ജനദ്രോഹ സാമ്പത്തിക നയങ്ങൾ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് കൊണ്ഗ്രെസ്സ് പാർട്ടി ആയിരുന്നു. അതേ സാമ്പത്തിക നയങ്ങൾ അതിലും ഉശിരോടെ നടപ്പാക്കുകയാണ് കഴിഞ്ഞ അഞ്ചു വർഷം നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ചെയ്തത്.

മൃദു ഹിന്ദുത്വത്തിലും, വർഗ്ഗീയപ്രീണനത്തിലും കോൺഗ്രസ്സും മോശക്കാരല്ല എന്നതിന്റെ തെളിവാണ്, അധികാരത്തിൽ വന്നാൽ രാമക്ഷത്രം പണിയുമെന്ന കൊണ്ഗ്രെസ്സ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പരസ്യപ്രസ്താവന. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതികളാണ് മോഡി ഭരണത്തിലേക്ക് വഴി വെച്ചതെന്ന സത്യവും മറക്കരുത്. ബിജെപിയുടെ ബദൽ കൊണ്ഗ്രെസ്സ് അല്ല. ഇന്ത്യക്കാവശ്യം,സാധാരണജനത്തിനനുകൂലമായ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള, പ്രാദേശികസ്വത്വങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണിയാണ്. അതിനായി കേരളത്തിൽ ഇടതുപക്ഷം വിജയിയ്ക്കേണ്ടത് അത്യാവശ്യമാണ് എന്ന് പ്രമേയം ആഹ്വാനം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. പ്രവാസികൾക്കായി ഏറ്റവുമധികം പദ്ധതികൾ നടപ്പിലാക്കിയ ഇടതുപക്ഷ സർക്കാരിനെ പിന്തുണയ്ക്കാൻ എല്ലാ പ്രവാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. നവയുഗം നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, അഫ്സൽ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാർ പ്രമേയം അവതരിപ്പിച്ചു. ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം രാജേഷ് ചടയമംഗലം നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa