കുവൈത്തിൽ സന്ദർശക വിസക്കുള്ള ഇൻഷുറൻസിൽ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കിയേക്കും
കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തുന്ന വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിൽ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നയതന്ത്രപ്രതിനിധികൾക്കും ഔദ്യേഗിക സംഘത്തോടൊപ്പം എത്തുന്നവർക്കും, ഒന്നോരണ്ടോ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടി വരില്ല.
സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു. നിയമം പ്രാബല്യത്തിലായാൽ സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്നവർ വിസ ലഭിക്കണമെങ്കിൽ ഇൻഷുറൻസ് ഫീസ് കൂടി അടക്കേണ്ടിവരും. സന്ദർശനവിസക്കുള്ള അപേക്ഷയോടൊപ്പം ഇനി ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രേഖ കൂടി സ്പോൺസർ സമർപ്പിക്കണം. കുവൈത്തിൽ എത്തിക്കഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷയിൽ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും.
അടിയന്തര വൈദ്യസഹായവും അത്യാവശ്യമായ സർജറിയും മാത്രമാണ് സന്ദർശക വിസക്കാരുടെ ഇൻഷുറൻസിൽ ലഭിക്കുക. മുമ്പുള്ള രോഗങ്ങൾക്കും അടിയന്തര ചികിത്സ വേണ്ടതില്ലാത്ത രോഗങ്ങൾക്കും ഇൻഷുറൻസ് ഉപയോഗിക്കാൻ കഴിയില്ല. ഇൻഷുറൻസ് പ്രീമിയം എത്രയെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. മന്ത്രിസഭ അംഗീകാരം ലഭിച്ചെങ്കിലും നിയമം പ്രാബല്യത്തിലാവാൻ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa