ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഫിഫ കൗൺസിലിൽ
ദോഹ: ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) വൈസ് പ്രസിഡന്റ് സൗദ് അൽ മുഹന്നദി രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷനുകളുടെ ഫെഡറേഷൻ (ഫിഫ) കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മലേഷ്യൻ തലസ്‌ഥാനമായ ക്വാലലംപൂരിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 2023 വരെയാണു കാലാവധി. 46 ൽ 37 വോട്ടുകൾ നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുഹന്നദിക്കു പുറമേ ഇന്ത്യയുടെ പ്രഫുൽ പട്ടേൽ, ജപ്പാന്റെ കോസോ താഷിമാവോ, ഫിലിപ്പീൻസിന്റെ മരിയാനോ അരാനീറ്റ, ചൈനയുടെ ദു ഷവോചായ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പശ്‌ചിമേഷ്യൻ വൈസ്‌പ്രസിഡന്റ് പദവിയിലും അൽ മുഹന്നദി തുടരും. ഇതിനായി ഒരാൾക്ക് രണ്ടു പദവികൾ പാടില്ലെന്ന ക്യുഎഫ്‌എ നിബന്ധന ഭേദഗതി ചെയ്യാനുള്ള ഖത്തറിന്റെ അഭ്യർഥനക്ക് എഎഫ്‌സി അംഗീകാരം നൽകി. ഷെയ്‌ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ എഎഫ്‌സിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. 4 വർഷമാണ് കാലാവധി. 2013 മുതൽ ഷെയ്‌ഖ് സൽമാൻ പ്രസിഡന്റ് പദവിയിൽ തുടരുകയാണ്. ഇത്തവണ അദ്ദേഹത്തിനെതിരെ മൽസര രംഗത്തുണ്ടായിരുന്ന ആൾ അവസാനിനിമിഷം പത്രിക പിൻവലിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa