Monday, September 23, 2024
Top StoriesU A E

യു എ ഇ യിലെ ഇന്ത്യക്കാർക്ക് എംബസ്സിയുടെ മുന്നറിയിപ്പ്.

അബുദാബി: യു എ ഇ യിലുള്ള ഇന്ത്യക്കാർ തങ്ങൾക്ക് ശമ്പളം ലഭിക്കാതിരിക്കുകയോ, ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്താൽ ആ വിവരം ഉടൻ എംബസിയെ അറിയിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ എംബസ്സിയുടെ വെബ്‌സൈറ്റിൽ വിവിധ ഭാഷകളിൽ ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “യു എ ഇ യിൽ തൊഴിലുടമ ശമ്പളം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ, അബുദാബി ഇന്ത്യൻ എംബസ്സി / ഇന്ത്യൻ കോൺസുലേറ്റ് ദുബായ് എന്നിവിടങ്ങളിൽ റിപ്പോർട് ചെയ്യാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും അറിയിച്ചു കൊള്ളുന്നു.” എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ എംബസിക്കു മുമ്പാകെ വരുന്നുണ്ട്. എന്നാൽ ശമ്പളം ലഭിക്കാതെ ആറോ ഏഴോ മാസം കഴിഞ്ഞതിന് ശേഷമാണ് ആളുകൾ പരാതിയുമായി എംബസിയെ സമീപിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികകൾ തീർപ്പാക്കാൻ എംബസിക്കും യു എ ഇ അധികൃതർക്കും വളരെ ബുദ്ധിമുട്ടാണെന്ന് ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരി പറഞ്ഞു.

ഇത്തരത്തിൽ ശമ്പളം ലഭിക്കാതെ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്കയക്കാൻ സൗജന്യ ടിക്കറ്റ് നൽകുന്നതടക്കം എംബസ്സിക്കാവുന്നതെല്ലാം ചെയ്‌യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പലരും വെറുംകൈയോടെ നാട്ടിലേക്ക് പോകാൻ മടിച്ച്, കമ്പനി നൽകാനുള്ള ശമ്പളകുടിശ്ശിക ലഭിക്കും എന്നുള്ള പ്രതീക്ഷയിൽ യു എ ഇ യിൽ തന്നെ താങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അടച്ചുപൂട്ടിയ കമ്പനികളിൽ നിന്ന് ഇത്തരത്തിൽ ശമ്പള കുടിശ്ശിക ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ യു എ ഇ അധികൃതരുമായി തങ്ങൾ ചർച്ച നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എംബസ്സി ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കേസ് ഇത്തരത്തിലുള്ളതാണ്. മുസഫ്ഫയിലുള്ള അൽ വാസീത്ത എമിരേറ്റ്സ് കാറ്ററിംഗ് സർവീസ് എന്ന സ്ഥാപനത്തിലെ 400 ജോലിക്കാർക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാതിരുന്ന പരാതി കമ്പനി അടച്ചു പൂട്ടിയതിന്റെ ശേഷമാണ് എംബസിയിൽ എത്തുന്നത്. അതുകൊണ്ട് ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായാൽ എത്രയും പെട്ടന്ന് എംബസിയുടെ ശ്രദ്ധയിൽ പെടുത്തണം എന്ന് അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q