മലമുകളിലെ നീർതടാകം – ഫാബിദ് കൂത്ത്രാട്ട്
ജബൽ അസ്സ്ഫറിൽ നിന്നിറങ്ങുമ്പോൾ കണ്ട ചില സ്വദേശികൾ പറഞ്ഞ് തന്ന വഴി പിടിച്ചാണ് ജബൽ അൽ-അലായിലേക്ക് വണ്ടി തിരിച്ചത്. ഇന്റർനെറ്റിൽ നിന്നും കിട്ടിയ ഒരു ഫോട്ടോ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെ കുറിച്ച് ഞങ്ങൾക്കുള്ള അറിവ്. ഒരു പാറപുറത്ത് നല്ല തെളിനീർ തടാകം അതിനു പശ്ചാത്തലമൊരുക്കി ഒരു സിലിണ്ട്രിക്കൽ ഷെയ്പിലുള്ള ഒരു മല. അത് കാണിച്ച് കൊടുത്തപ്പോഴാണു ഈ വഴി ഞങ്ങൾക്ക് കിട്ടിയത്. മിഖവ എന്ന സ്ഥലത്തിനടുത്ത് ജബൽ ഷാദയോട് ചേർന്നാണിത്. മല കയറും മുന്നെ ഒരു ചെറിയ അങ്ങാടിയിൽ നിന്നും അധികം വെന്ത് വെള്ളം കൂടി അലീസ പോലായ ചോറും ചിക്കനും കഴിച്ചു. മലമുകളിൽ ഒന്നും കിട്ടി കൊള്ളണം എന്നില്ലല്ലോ.
മെയിൻ റോഡിൽ നിന്നും കുറച്ച് കിലോമീറ്ററുകൾ പോന്നപ്പോൾ തന്നെ ടാറിട്ട റോട് അവസാനിച്ചു. വഴിക്കരികൽ ഒരു വീടിനടുത്ത് നിന്നിരുന്ന സ്വദേശി യുവാക്കൾ അറബിയിൽ വിളിച്ച് ചോദിച്ചു “കാർ 4 x 4 അല്ലേ?”
ആണെന്ന് പറഞ്ഞ് മുന്നോട്ട് എടുത്തു. ഇതിനു റോഡ് എന്നൊന്നും വിളിക്കാൻ പറ്റില്ല. മുൻപ് മലഞ്ചെരിവുകളിലൂടെ പല വണ്ടികൾ പോയി ഉണ്ടായ ഒരു ട്രാക് എന്ന് വിളിക്കാം.
കേറി തുടങ്ങിയപ്പോഴേ മനസ്സിലായി ഇത് വെല്ലുവിളി തന്നെയാണ്. അനായാസേന അങ്ങനെ കേറി പോവാനാവില്ല. ഒരു വണ്ടിക്ക് കഷ്ടിച്ച് കടന്നു പോവാവുന്ന കുത്തനെ ഉള്ള ഒരു ട്രാക്ക്. ഒരു സൈഡിൽ കൊക്കയാണ് മറുസൈഡിൽ മലയിൽ നിന്ന് തള്ളിനിക്കുന്ന പാറകളും.
ഏതെങ്കിലും വണ്ടി മലയിറങ്ങി വരുന്നുണ്ടെങ്കിൽ പിന്നെ ഒതുക്കിയിടാൻ ഒത്തിരി റിവേഴ്സ് പോവേണ്ടി വരും. എന്നിട്ട് റോഡിലേക്ക് മലയിടിഞ്ഞ് വീണ ഭാഗത്ത് ഒതുക്കിയിടേണ്ടി വരും. പക്ഷേ ഈ വഴി ആരും വരില്ല എന്ന ധൈര്യത്തിൽ മുന്നോട്ട് പോയി.
കയറ്റം കയറും തോറും പാത ദുർഘടമായി വന്നു. ഒരു തരം പൊടി നിറഞ്ഞ മണ്ണ് ആയത് കൊണ്ട് ഫോർവീലിൽ ഇട്ടിട്ട് പോലും വണ്ടിയുടെ ടയർ കിടന്ന് കറങ്ങി വണ്ടി തെന്നി നീങ്ങുന്നു. ഒരു ഭാഗത്ത് കൊക്കയും മറുഭാഗത്ത് മലയിൽ നിന്ന് തള്ളി നിൽക്കുന്ന പാറകളും ഉള്ളത് കൊണ്ട് ഈ തെന്നി നീങ്ങൽ അപകടം തന്നെ. ഒന്നുകിൽ വണ്ടി പാറയിൽ കൊണ്ട് കേടാവും അല്ലെങ്കിൽ കൊക്കയിലേക്ക് വീഴും. പക്ഷേ ഇതിനൊരു പോംവഴി വേഗം കണ്ടെത്തി. ഇത്തരം സ്ഥലത്ത് എത്തിയാൽ ഇറങ്ങി വണ്ടി എല്ലാവരും നിരക്കി നിങ്ങുന്ന ഭാഗത്ത് തള്ളി കൊടുക്കും. അങ്ങനെ പതുക്കെ പതുക്കെ മല കയറി. ജീവിതത്തിലെ ഏറ്റവും സാഹസികമായ സഞ്ചാരം ഒരു പക്ഷെ ഇതായിരിക്കും. മനുഷ്യൻ പോയിട്ട് ഒരു ജീവജാലത്തേ പോലും കാണുന്നില്ല. പക്ഷേ ഇടക്ക് ഒരു ചത്ത അതോ കൊന്നതോ ആയ കഴുതപ്പുലിയെ ഒരു മരത്തിൽ കെട്ടി തൂക്കിയത് കണ്ടു. ഒരു ചെറിയ അശ്രദ്ധ വണ്ടിയേയോ ഞങ്ങളെയോ വലിയ ദുരന്തത്തിലേക്ക് തള്ളി വിടാം.
ഇടക്ക് കൂടെയുള്ള വണ്ടികൾ ഒന്ന് രണ്ട് തവണ കുടുങ്ങി പോയെങ്കിലും മുന്നിൽ കേറിയ വണ്ടിയിൽ കയറിട്ട് വലിച്ച് രക്ഷപെടുത്തി. അത് അത്ര സാഹസികമോ ബുദ്ധിമുട്ടോ ഉള്ളതായി തോന്നിയതും ഇല്ല.
വളരെ പതുക്കെയാണു മല കയറ്റം. തണുപ്പ് കൂടി വരുന്നു. കാറ്റിനു നല്ല കുളിര്. കുറേ കൂടി പിന്നിട്ടപ്പോൾ ഫോട്ടൊയിൽ കണ്ട സിലിണ്ടർ ആകൃതിയിലുള്ള മല കാണാറായി. പക്ഷെ അവിടെക്ക് ഇനിയും ദൂരം ഉണ്ട്.
മുകളിലേക്ക് എത്തുമ്പോഴേക്കും റോഡ് തീർത്തും ദുർഘടമായി, വണ്ടികൾ ഒക്കെ നിരങ്ങി തെന്നി മാറുന്നു. ആദ്യത്തെ ഹരം ഒക്കെ പോയി അലപം ഭീതി എല്ലാവരിലും വന്ന് തുടങ്ങി.. ഒരു ചെറിയ പിഴവ് മതി കൊക്കയിലേക്ക് വണ്ടി മറിയാൻ. ഒരു കുത്തനെയുള്ള കയറ്റത്തിൽ ഏറ്റവും മുന്നിലായി പോകുന്ന വണ്ടി നിന്നു. അതിന്റെ മുൻചക്രങ്ങൾ കിടന്ന് കറങ്ങി മണ്ണ് തെറിപ്പിക്കുന്നതല്ലാതെ ഒരിഞ്ച് നീങ്ങുന്നില്ല. കെട്ടി വലിക്കണമെന്ന് ഉണ്ടെങ്കിൽ ഇതാണു മുൻപിലെ വണ്ടി മറ്റൊരു വണ്ടിക്ക് കയറി പോകാൻ സ്ഥലം ഇല്ല.
ഇത്തരം ഘട്ടത്തിൽ ഉപയോഗിക്കാറുള്ള മാറ്റ് എടുത്ത് ചക്രങ്ങൾക്കടിയിൽ വിരിച്ച് വീണ്ടും ശ്രമം നടത്തി. മാറ്റിലെ റബറിന്മേൽ ചക്രം കറങ്ങി പുകവന്നു എന്നതല്ലാതെ വണ്ടി മുന്നോട്ട് പോകുന്നില്ല. വണ്ടിയുടെ പുറകിലെ ചക്രം കൊക്കക്ക് അടുത്തേക്ക് തെന്നി നീങ്ങി കൊണ്ടിരിക്കുന്നു. എല്ലാവരും ആഞ്ഞ് തള്ളി കൊടുത്തിട്ടും വണ്ടി കൊക്കയിലേക്ക് തെന്നുന്നതല്ലാതെ മുന്നോട്ട് പോവുന്നില്ല. അപകടത്തിന്റെ മണം ഞങ്ങൾക്ക് അടിച്ച് തുടങ്ങി.
ഇതോടെ ഞങ്ങളുടേ ആത്മവിശ്വാസം അല്പാല്പമായി കുറഞ്ഞ് തുടങ്ങി. തിരികെ പോകണമെങ്കിൽ പോലും വണ്ടി തിരിക്കാൻ പോലും ഒരിടം ഇല്ല.
ഞങ്ങൾക്ക് എത്തേണ്ട സിലിണ്ടർ മല ഞങ്ങൾ കേറും തോറും അകന്ന് അകന്ന് പോകുന്നു. വണ്ടികളെല്ലാം അല്പം പുറകിലേക്കെടുത്ത് മണ്ണ് കഴിയാവുന്നയത്ര മാന്തി നീക്കി ഉള്ള കുടിവെള്ളത്തിൽ നിന്ന് അല്പം വെള്ളം ഒക്കെ ഒഴിച്ച് വീണ്ടും ഒരു ശ്രമം. ഇത്തവണ വണ്ടികൾ ആ തടസ്സത്തെ അതി ജയിച്ചു. എല്ലാവരുടെയും ഭീതി നിറഞ്ഞ മുഖത്ത് ആശ്വാസം പരന്നു.
അല്പം കൂടെ മുന്നോട്ട് പോയപ്പോൾ വഴി രണ്ടായി തിരിയുന്നു. അവിടെ വണ്ടികൾക്ക് നിർത്തിയിടാൻ ഉള്ള വിശാലതയൊക്കെയുണ്ട്. പാർക്ക് ചെയ്ത് പാറമേൽ ഇരുന്ന് താഴെക്ക് നോക്കി. നയനാന്ദകരമായ കാഴ്ച. കുറേ സമയം അവിടെയങ്ങെനെ ചെലവഴിച്ചു. അപ്പോഴുണ്ട് ഒരു ലാൻഡ് ക്രൂയിസറിൽ അല്പം പ്രായം ചെന്ന സ്വദേശി കുന്നെ കേറി വരുന്നു. ഞങ്ങളെ കണ്ടതും എങോട്ടാ എന്ന് ചോദിച്ചു. മൊബൈലിൽ തടാകത്തിന്റെ ഫോട്ടോ കാണിച്ച് കൊടുത്തു. അദ്ദേഹം തിരിയുന്ന വഴിയല്ലാതെ മറ്റേ വഴിയിലൂടെ ഇനിയും കുറച്ച് കിലോമീറ്ററുകൾ ഈ തടാകത്തിലേക്ക് പോകേണ്ടതുണ്ട് എന്ന് പറഞ്ഞൂ. അറബ് ആഥിത്യ മര്യാദയോടെ അയാളുടെ ഫാം ഹൌസിലേക്ക് ഒരു ചായക്ക് അയാൾ ക്ഷണിച്ചു. ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് ഞങ്ങൾ പോകാൻ തീരുമാനിച്ചു. ആ വഴി അല്പം ബുദ്ദിമുട്ടുള്ളതാണെന്നും വണ്ടി ശ്രദ്ദിച്ച് ഓടിക്കണം എന്നും അയാൾ ഉപദേശിച്ചു.
എന്നാൽ വണ്ടി ഇവിടെ നിർത്തി നടക്കാം എന്നായി. പക്ഷെ വണ്ടിയിലെ ലഗേജ് വലിയ വെള്ളത്തിന്റെ വലിയ ക്യാൻ ഇവയൊക്കെ ചുമന്ന് നടന്ന് ഈ കുന്ന് കേറൽ സാഹസം തന്നെ. എങ്കിലും അത് തീരുമാനിച്ചു. ഇനിയും റിസ്ക് എടുക്കാൻ വയ്യ. എല്ലാവരുടേയും ഭാഗുകളിലേക്ക് സാധനങ്ങളും വെള്ളവും നിറച്ച് സ്ലീപിംഗ് ബാഗും പുറത്തിട്ട് നടത്തം തുടങ്ങി.
തണുത്ത കാറ്റ് ഉള്ളത് കൊണ്ട് ക്ഷീണത്തിനു കുറവുണ്ട്. എങ്കിലും പുറത്തുള്ള ലഗേജ് എല്ലാവരെയും ബുദ്ധിമുട്ടിക്കുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂർ നടന്നതും നന്നേ ക്ഷീണിച്ച് തുടങ്ങി. കുറച്ച് നടന്നപ്പോൾ ഒരു ചെറിയ വീട് കണ്ടു. അവീടെ ഒരു കൂട്ടം സ്വദേശി യുവാക്കൾ ഇരിക്കുന്നു. അവർ എങ്ങോട്ടാണേന്ന് ചോദിച്ചതും മൊബൈലിലെ ഫോട്ടോ കാണിച്ചു. ഇത് ഇനിയും ഒത്തിരി ദൂരം ഉണ്ട് നിങ്ങൾ വാഹനം ഇല്ലാതെയാണോ ഇത്രയും കേറി വന്നത് എന്നവർ അത്ഭൌതത്തോടെ ചോദിച്ചു. അല്ല വണ്ടി കുറച്ച് താഴെ പാർക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.
വാഹനം കൊണ്ട് പോകൽ ദുശ്കരം ആണേങ്കിലും നടന്നാൽ ഒത്തിരി നേരം വേണ്ടി വരുമെന്നായി അവർ. അവസാനം അവർ തന്നെ ഒരു നിർദേശം വെച്ചു. അവരുടേ വീടിന് അടുത്ത് കിടക്കുന്ന ഒരു പഴയ വണ്ടി കാണിച്ചിട്ട് അത് എടുത്ത് പൊയ്ക്കൊള്ളാൻ പറഞ്ഞു. തിരികെ വരുമ്പോൾ അവിടേ വെച്ചാൽ മതി. ആ വണ്ടി കണ്ടതെ ഞങ്ങൾക്ക് ചിരി പൊട്ടി.. നമ്മുടേ ഒക്കെ ജനനത്തിനും മുൻപെ ഉള്ള ഒരു വണ്ടി. അവർ ഞങ്ങളെ പരിഹസിച്ചതാവും എന്ന് കരുതി ഞങ്ങൾ മുന്നോട്ട് നടന്നു. അവർ അപ്പോഴും വണ്ടി എടുക്കാൻ പറയുന്നു. എന്നാ പിന്നെ നോക്കാം എന്ന് കരുതി വണ്ടിയിലിരുന്ന ചാവി തിരിച്ചു. ആൾ പുക തുപ്പി സ്റ്റാർട്ട് ആയി.
അതോടെ എല്ലാവരും വണ്ടിയിൽ ചാടികയറി. ആരു കയറും എന്നതിലായി പിന്നെ തർക്കം. എല്ലാവരും നന്നേക്ഷീണിചിരുന്നു. പതുക്കെ പോവാം. മാറി മാറി കേറാം എന്നതീരുമാനത്തിൽ എത്തി. ആളുകൾ കേറിയില്ലെങ്കിലും ലഗേജ് കേറ്റാം എന്നതായിരുന്നു വലിയ ആശ്വാസം. ആ വണ്ടി ആ കയറ്റം കേറി പോവുമോ എന്നതിൽ ഞങ്ങൾക്ക് ആശങ്ക വേറേയും ഉണ്ട്. പക്ഷെ വണ്ടി മുക്കിയും ഞെരങ്ങിയും ഒരുവിധം കയറ്റം കയറി കൊണ്ടിരിക്കുന്നു. പഴയതെങ്കിൽ ആൾ പുലി ആണേന്ന് തെളിയിച്ചു. കൊറെ നേരത്തെ കയറ്റത്തിനൊടുവിൽ വണ്ടി അല്പം പരന്ന സ്ഥലത്ത് എത്തി , സിലിണ്ടർ മല ഇനിയും അല്പം ദൂരെ കാണാം. മലമുകളിൽ പരന്ന പാറ പ്രദേശം ആണ്.
എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ഈ വിജനമായ കുന്നിൻ മുകളിലെ പാറകെട്ടിൽ പ്രേതഭവനം പോലെ എന്നോ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വീടിന്റെ അവശിഷ്ടങ്ങൾ. കാലങ്ങളോളാമായി അവിടെ ആൾപാർപ്പോ ആൾ പെരുമാറ്റം തന്നെയോ ഇല്ലന്ന് ദൂരകാഴ്ചയിൽ നിന്ന് തന്നെ വ്യക്തം.
ഏകാന്തത ഇഷ്ടപ്പെടുന്ന ഏതോ ഒരു സാഹസികൻ ഈ വീട്ടിൽ ചരിത്രത്തിലാണ്ട് മാഞ്ഞ് പോയ ഭൂതകാലത്ത് പ്രകൃതിയെ മാത്രം കൂട്ടാക്കി തനിച്ച് താമസിച്ചിരുന്നിരിക്കാം. ഈ വീട്ടിലെത്താൻ സാഹസപ്പെട്ട് കുന്നു കേറി വന്നിട്ടുണ്ടാവും. പ്രകൃതിയിൽ അലിഞ്ഞ് ദിനരാത്രങ്ങൾ കഴിച്ചിട്ടുണ്ടാവും. പ്രാഭാതങ്ങളിലെ കോടമഞ്ഞിൻ തുള്ളികൾ വീടിനു മുൻപിലെ പാറയിലിരുന്ന് മുഖത്തേറ്റു വാങ്ങിയിട്ടുണ്ടാവും. ഭ്രാന്തെന്നോ ഉന്മാദമെന്നോ അവന്റെ ഈ മലമുകളിലെ ജീവിതത്തെ വിളിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. പക്ഷേ അവന്റെ ഈ നിർമലമായ ജീവിതാനുഭവത്തിനു പകരം വെക്കാൻ മറ്റെന്തുണ്ട്. കോടമഞ്ഞിന്റെ വെളുത്ത വിരലുകൾ നെറ്റിതടത്തിൽ മൃദുവായി തൊടുമ്പോഴുണ്ടാകുന്ന അനുഭൂതികളെ ഏത് ജീവിത സൌകര്യങ്ങളാണു ബദലുകൾ ആവുന്നത്.
പക്ഷെ ഇന്ന് ആ വീടിന്റെ അവശിഷ്ടങ്ങൾക്ക് അത് ഒരിക്കൽ സമ്മനിച്ചിട്ടുണ്ടാവുന്ന സ്വർഗസമാനമായ അനുഭൂതികളെ ഉത്തേജിപ്പിക്കാനാവുന്നില്ല പകരം പാതി നശിച്ച ഒറ്റപ്പെട്ട ആ വീട് പ്രേതഭവനം പോലെ കാഴ്ചകാരിലേക്ക് പകരുന്നത് ഭീതിയേയാണ്. ഇടിഞ്ഞു തുടങ്ങിയ ചുവരുകൾ , മേൽക്കൂരകൾ, കഥകളിലെ ആത്മാക്കളുടെ വാസസ്ഥലം പോലെ മേൽക്കൂരയിലെ തകർന്ന അടരുകളിലൂടെ ഊർന്നിറങ്ങുന്ന വെളിച്ചം നിർമിക്കുന്ന നിഴലിന്റെയും വെളിച്ചത്തിന്റെയും മിശ്രണം. വെളിച്ചം വീഴാത്ത ഇരുണ്ട കോണുകളിൽ ആരോ പതിയിരിക്കുന്നുണ്ടെന്ന തോന്നൽ.ആ കോണുകളിൽ നിന്ന് മുഖമില്ലാത്ത കണ്ണുകൾ നമ്മെ ഉറ്റുനോക്കുന്നുണ്ടോ എന്ന ഭാവനാതമകമായ ഭീതികൾ. പേടിപ്പെടത്തലുകൾ.എന്നോ നശിച്ച് പോയ ഏതോ കിറുക്കന്റെ നിർമിതിയായി തോന്നുന്ന വീടിന്റെയോരത്ത് വണ്ടി പാർക്ക് ചെയ്തു. ഇനി വണ്ടി പോവില്ല. നടത്തം തന്നെ വീണ്ടും.അല്പം ഇറക്കം ഇറങ്ങി വീണ്ടും നടന്നു.ഭൂപ്രകൃതിക്ക് മാറ്റം ഉണ്ട്. മണ്ണിനു പകരം ഇടക്കിടെ പാറക്കൂട്ടങ്ങൾ പാറകളിൽ വെള്ളം ഒലിച്ചിറങ്ങിയ അടയാളം ഉണ്ടെങ്കിലും തടാകത്തിന്റെ ഒരു ലാഞ്ചന പോലും എങ്ങും ഇല്ല. മൊബൈൽ എടുത്ത് പ്രദേശവും ചിത്രവും ആയി ഒത്ത് നോക്കി. ഇത് തന്നെ പ്രദേശം സിലിണ്ടർ മല അല്പം ദൂരെ പശ്ചാത്തലത്തിൽ ഉണ്ട്. മലയ്ക്കും ഈ പ്രദേശത്തിനും ഇടക്ക് ഒരു താഴ്ന്ന ഭാഗം.
ഇനി ഇത് സീസണിൽ മാത്രം ഉണ്ടാവുന്ന തടാകം ആയിരിക്കുമോ? , എല്ലാരും നിരാശയോടെ പാറയിൽ ഇരുന്നു. അൽപം ഇരുന്ന ശേഷം വീണ്ടും പാറയെ മുറിച്ച് കടന്ന് ചെരിവിലൂടെ താഴ്ന്നെ ഭാഗത്തിനടുത്തേക്ക് നടന്നു. അവിടെ എത്തിയതും എല്ലാവരും ഉച്ചത്തിൽ ആര്ത്ത് വിളിച്ചു.
ആ ചെരിവിൽ അൽപം താഴെ ഒരു പരന്ന പാറക്കപ്പുറം അതാ പരന്ന് കിടക്കുന്നു തെളിനീർ തടാകം. മല പശ്ചാത്തലം ഒരുക്കുന്ന ആ തടാക കാഴ്ചയുടെ ഇവിടേ നിന്നുള്ള സൌന്ദര്യം എത്ര വർണ്ണിച്ചാലും മതിയാവില്ല. ഒരു ക്യാമറക്കും ഒപ്പിയെടുക്കാനാവാത്ത നേത്രങ്ങളുടെ വൈഡ് ആംഗിളിലൂടെ മാത്രം പൂർണ്ണമായും ആസ്വദിക്കാനാവുന്ന ചിത്രം. എല്ലാവരും ഓടിയിറങ്ങി. വെള്ളതിൽ തൊട്ട് നോക്കി. നല്ല തണുത്ത വെള്ളം. പിന്നെ അമാന്തിക്കാതെ വെള്ളത്തിൽ ഇറങ്ങി അർമാദം തുടങ്ങി.
ഇരുട്ടി തുടങ്ങിയതും വെള്ളത്തിൽ നിന്ന് കേറി, ആകെയുള്ള ഒരു റ്റെന്റ് അവിടെ സജ്ജീകരിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. ചെറിയ സ്റ്റൌയിൽ ചായ്ക്ക് തിളപ്പിച്ച് കൊണ്ട് വന്ന റൊട്ടിയും തേനും ക്രീമും തൈരും ഒക്കെ കഴിച്ചു. ഇവക്കൊക്കെ ഇത്രയും സ്വാദുണ്ടോ എന്ന് ചോദിച്ച് പോയി.
ക്യാമ്പ് ഫയർ ഇടാനായി അല്പം വിറക് വേണം. ചുറ്റിലും ഇഷ്ടം പോലെ മരങ്ങൾ ഉണ്ട്. കുറച്ചപ്പുറത്തുള്ള കുറ്റിക്കാടിൽ നിന്ന് ആവുന്നത്ര വിറക് ശേഖരിച്ച് കൊണ്ട് വന്നിട്ട് തീ കൊടുത്തു.
ഏതോ ഒരു ഹിന്ദി സിനിമാഗാനത്തിൽ പറയും പോലെ മേലെ തെളിഞ്ഞ ആകാശത്തിൽ “സിതാരോം കി ബാരാത്ത്“. ചീവീടുകൾ എന്തോ രാകുമ്പോലെത്തെ ശബ്ദം ഉണ്ടാക്കുന്നു. തണുത്ത ഇളം മാരുതൻ തഴുകി കടന്ന് പോകുന്നു. തടാകത്തിൽ ആകാശത്തിലെ താരകങ്ങൾ കണ്ണാടി നോക്കുന്നു. ഈ അനുഭവത്തിൽ കൂടുതൽ എന്തു വേണം ഒരു സഞ്ചാരിക്ക്. നാളേ അപകടം പിടിച്ച ആ വഴി ഇറങ്ങുന്നതിനെ കുറിച്ചൊന്നും ഈ നവ്യാനുഭവത്തിൽ മനം മയങ്ങിയിരിക്കുന്ന ഞങ്ങളാരും അന്നേരം ഓരത്തതേയില്ല.
തടാകം പ്രകൃതിയിൽ വിലയം പ്രാപിച്ച് കിടക്കുന്നു. മനുഷ്യസ്പർശം അത്രയൊന്നും പതിയാത്ത അഭൌമ സൌന്ദര്യം. അതിന്റെ കരയിൽ പാറകളിൽ സ്ലിപിംഗ് ബാഗിൽ കിടന്ന് പ്രകൃതിയുടെ പാട്ടുകൾക്ക് കാതോർത്ത് ഉറങ്ങാൻ കിടന്നു.
വലിയ കുന്ന് കേറി വന്നത് കൊണ്ടുള്ള ക്ഷീണത്തിൽ എല്ലാവരും പെട്ടെന്ന് ഉറക്കം പിടിച്ചു. പാതിരാ കഴിഞ്ഞ നേരത്ത് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്ന് നോക്കിയത്.
ഞങ്ങൾ വിറക് ശേഖരിക്കാൻ കയറിയ കുറ്റിക്കാട്ടിൽ മൃഗങ്ങളുടെ കണ്ണ് പോലെ എന്തോ തിളങ്ങുന്നു. ഇവിടെ അത്ര ഭീകര ജീവികൾ ഉണ്ടാവാൻ ഉള്ള സാധ്യതകൾ ഇല്ലാത്തിനാലും ഞങ്ങൾ കുറേയേറേ ആളുകൾ ഉള്ളതിനാലും ഭീതിയെക്കാൾ കൌതുകമായിരുന്നു എല്ലാവരിലും. വരുന്ന വഴിയിൽ ഒരു കഴുതപുലിയെ കൊന്ന് കെട്ടിതൂക്കിയത് കണ്ടതു കൊണ്ട് എല്ലാരിലും ആദ്യം തന്നെ കഴുതപുലി എന്ന തോന്നൽ ആണു ഉണ്ടായത്.
ചിലപ്പോൾ ചെന്നായയും ആവാം. കഴുതപുലിയുടെ കണ്ണ് തിളങ്ങുമോ എന്ന ആരുടേയോ ചോദ്യത്തിനു ഉത്തരം ആർക്കും അറിയില്ല. ഇനി അതുമല്ലെങ്കിൽ ഒരു പൂച്ച വരെ ആവാൻ ചാൻസ് ഉണ്ട്. അതിനെ അടുത്ത് പോയി നോക്കി കാണാം എന്നായി എല്ലാവരിലും. കുറച്ചടുത്ത് എത്തിയപ്പോൾ മനസ്സിലായി അത് പൂച്ചയല്ല. അതിനേക്കാൾ വലിപ്പം ഉണ്ട്. ഞങ്ങളുടെ ശബ്ദം കേട്ടതു കൊണ്ടാവണം ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഓടി പോയി. പാവം അതിന്റെ സ്വതന്ത്രവിഹാരയിടത്തിൽ അതിക്രമിച്ച് കടന്ന ഞങ്ങളെ ഭയപ്പെട്ട് അത് മാറി പോയിരിക്കുന്നു. വീണ്ടും കിടന്നു ഉറങ്ങാൻ ശ്രമിച്ചെങ്കിലും ആയില്ല. പിന്നെ പുലരുവോളം സംസാരിച്ചിരുന്നു. ക്യാമ്പ് ഫയർ കെട്ടു പോയിരുന്നു. അത് കൊണ്ട് തണുപ്പ് അരിച്ച് കയറുന്നുണ്ട്.
മലഞ്ചെരിവിലൂടെ സൂര്യ രശ്മികൾ എത്തിനോക്കുന്ന പ്രഭാതം. പുകപോലെ ഇളം കോടമഞ്ഞ് ചുറ്റിലും പരക്കുന്നു. ഉന്മേശദായകമായ കുളിരുള്ള പുലർക്കാലം. അല്പം ചായയിട്ട് കുടിച്ച് മടക്കം തുടങ്ങി. ഞങ്ങൾ പഴയ വണ്ടി തന്നവരുടെ വീടിനടുത്ത് അത് നിർത്തി. ആ ഉപകാരത്തിനു അവരോട് നന്ദി പറയണമെന്നുണ്ടായിരുന്നെങ്കിലും ആരെയും പുറത്ത് കാണുന്നില്ല. വണ്ടി നിർത്തി പ്രഭാത കുളിർ നൽകുന്ന ഉന്മേഷത്തിൽ ഞങ്ങളുടെ വണ്ടി ലക്ഷ്യം വെച്ച് കലപില കൂട്ടി സംസാരിച്ച് ഞങ്ങൾ നടന്നു. അവിടെ നിന്നു താഴേക്കുള്ള സാഹസികമായ ഇറക്കത്തിന്റെ ഭീതിയെ ഞങ്ങൾ സംസാരങ്ങളിൽ മറന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവത്ത അനിർവചനീയമായ ഒരു അനുഭവം. ആകസ്മികതകളും യാദൃശ്ചികതകളും നിറഞ്ഞ യാത്രകളാണു സഞ്ചാരങ്ങളിൽ എന്നും എനിക്ക് പ്രിയപ്പെട്ടത്.അത്തരം എന്റെ സഞ്ചാരങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും ഈ യാത്ര.
ലൊക്കേഷൻ : ജബൽ ഷാദ. ജിദ്ദയിൽ നിന്നും 350 Km അകലെ. (സൗദി അറേബ്യ )
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa