Saturday, September 21, 2024
Travel

മരുഭൂമിയിൽ മഞ്ഞു പെയ്യുമ്പോൾ

ആകാശത്തിരുന്നാരോ മേഘങ്ങളെ മഞ്ഞിന്റെ നുറുങ്ങു കണികകളായി നുള്ളി താഴേക്കെറിയുംപോലെ കുഞ്ഞു കുഞ്ഞു മഞ്ഞു കണങ്ങൾ ഞങ്ങൾക്ക് ചുറ്റും അലസമായി പറന്നു വീഴുന്നു. അവ പതിയെ ഞങ്ങളുടെ വസ്ത്രത്തിലും മുഖത്തും മൃദുവായി വന്നിരിക്കുന്നു. മരുഭൂമിയുടെ നരച്ച കാഠിന്യത്തിനു മുകളിൽ മഞ്ഞിന്റെ വെളുത്ത നൈർമല്യം പുതച്ചു കിടക്കുന്ന കാഴ്‌ചയുടെ ആനന്ദം സൃഷ്ടിക്കുന്ന വികാരത്തള്ളിച്ചയിൽ ആയിരുന്നു എല്ലാവരും.

മഞ്ഞ് ഞങ്ങളുടെ കൂട്ടത്തത്തിലെ മിക്കവർക്കും ഒരു ആദ്യ കാഴ്‌ചയൊന്നുമല്ല. ഇതിലും കനത്ത മഞ്ഞു വീഴ്ചയുടെ കാഴ്ചകൾ മറ്റു ചില ശൈത്യകാല ഉല്ലാസ കേന്ദ്രങ്ങളിൽ വെച്ച് കണ്ടിട്ടുണ്ട്. ആ കാഴ്കളെക്കാൾ ഈ മഞ്ഞനുഭവത്തെ വ്യത്യസ്ഥമാക്കുന്നതും അനുഭൂതി നല്കുന്നതുമാക്കുന്നത് ഇത് പെയ്തു വീഴുന്നത് മഴ തന്നെ അപൂർവ്വവും മഞ്ഞു പെയ്യുന്നത് നേരിയ സാധ്യതയുമായ മരുഭൂമിയിലാണ് എന്നത് കൊണ്ടാണ്. അൾജീരിയായിലെ ഐൻ സ്‌ഫറ യിലെ സഹാറ മരുഭൂമിയിലെ മഞ്ഞു വീഴ്ച വാർത്തയാകുന്നതും ശൈത്യ കാലം മുഴുക്കെ മഞ്ഞു വീണുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഉള്ളവർ പോലും ആ കാഴ്ച് കാണാൻ കൊതിക്കുന്നതും ആ കാഴ്‌ച സാധ്യമാക്കുന്ന സാധ്യത അത്ര നേർത്താവുന്നത് കൊണ്ട് കൂടിയാണല്ലോ.

ജനുവരി അവസാന വാരത്തിലെ വ്യാഴാഴ്ച്ച കാലാവസ്ഥ പ്രവചനങ്ങളിൽ പരതുമ്പോൾ സൗദി ജോർദാൻ അതിരിൽ ജബൽ ലോസി ൽ മഞ്ഞു വീഴ്ച് യുടെ സാധ്യത കാണിക്കുന്നു. ഇത് ഒരു അപൂവ്വ സാധ്യതയാണ്. 11 00 കിലോമീറ്ററുകൾ ഉണ്ട് ജിദ്ദയിൽ നിന്നും. പോവാമെന്ന് തന്നെയുറച്ചു.

ഉച്ചക്ക് ശേഷം ഷിബുവും ജാബിറും കുടുംബവും ഒരു വാഹനത്തിൽ ആദ്യം തിരിച്ചു. ഞാനും ഫാബിദും കുടുബങ്ങളും വൈകീട്ട് ജോലി കഴിഞ്ഞു പുറപ്പെടാമെന്ന തീരുമാനത്തിൽ. റിയാസും, സഹീറും, അൻവർക്കയും മറ്റുമടങ്ങുന്ന ഒരു സംഘം അല്പം കൂടെ കഴിഞ്ഞു പിറകെ വരും

വളരെ അപൂർവ്വമായി മാത്രമാണ് സൗദിയിൽ മഞ്ഞു പെയ്യാറുള്ളത്. സൗദിയുടെ ജോർദാൻ അതിരുകളിലാണ് അതി ശൈത്യകാലത്ത് ഹിമപാതം ലഭിക്കാൻ ഉള്ളത്.പുലർകാലെയാണ് മഞ്ഞു വീഴ്ച കാണിക്കുന്നത്. ഒരു പക്ഷെ അത് വൈകീട്ട് വരെ നീണ്ടേക്കാം. പക്ഷെ പുലർക്കാലത്ത് മഞ്ഞു വീഴുകയും ഇടക്ക് വെയിലുദിക്കുകയും ചെയ്‌താൽ മഞ്ഞുരുകി പോയേക്കാം.അത് കൊണ്ട് പുലർച്ചെ അവിടെ എത്തേണ്ടതുണ്ട്. രാത്രി മുഴുവൻ തുടർച്ചയായി വാഹനം ഓടിച്ചെ പറ്റൂ. ഞങ്ങൾ രണ്ടു പേരും മാറി മാറി ഉറങ്ങിയും വാഹനമോടിച്ചു കൊണ്ടുമിരുന്നു. കുഞ്ഞുങ്ങൾ രാത്രി മുഴുവൻ വാഹനത്തിൽ ഉറങ്ങി. പൊതുവെ പതിയെ ഓടിക്കുന്ന ഞാൻ നഷ്ടപ്പെടുത്തി കൊണ്ടിരുന്ന സമയം ഫാബിദ് കൂടുതൽ വേഗത്തിൽ വണ്ടി ഓടിച്ചു പരിഹരിച്ചു.

ആ ഭാഗങ്ങളിലെ കാലാവസ്ഥ മഞ്ഞു സാധ്യത കാണിക്കുന്നു എന്ന മുന്നേ പോയ ഷിബു നൽകുന്ന വിവരം ഞങ്ങളിലെ ആവേശം നിലനിർത്തി കൊണ്ടിരുന്നു. നിര്ത്താതെയുള്ള യാത്രയിലെ അസൗകര്യങ്ങളെ മറന്നു നല്ലപാതികളും യാത്രയുടെ ആവേശം നില നിർത്തി കൊണ്ടിരുന്നു.

പുലർകാലത്ത് ജബൽ ലോസിന്റെ താഴ്വാര ഭാഗത്ത് എത്തി. നല്ല തണുപ്പ്, സൂര്യൻ പുറത്ത് വന്നിട്ടില്ല. മൂടി കെട്ടി നിൽക്കുന്നു. മലമുകളിലേക്ക് ഉള്ള വഴിയേ ധാരാളം സ്വദേശികൾ പോവുന്നത് കാണുന്നു. അത് മഞ്ഞു പെയ്തതതിന്റെ സൂചനയാണ്.

സമുദ്ര നിരപ്പിൽ നിന്നും 2500 മീറ്റർ ഉയരമുണ്ട് ജബൽ ലോസിന്. ബൈബിളിലും ഖുർആനിലും പരാമർശ്ശിക്കപ്പെടുന്ന സീനാ പർവ്വതം ജബൽ ലോസ് ആണെന്ന് അത്രയൊന്നും സ്വീകാര്യതയില്ലാത്ത വിശ്വാസവും ഉണ്ട്.

അവിടെ കാത്തിരുന്ന ആദ്യം പുറപ്പെട്ട സംഘവും ഇടക്ക് ഞങ്ങളോട് ചേർന്ന പുറകെ വന്ന സംഘവുമായി ഞങ്ങളും മല കയറി തുടങ്ങി. മലമുകളിൽ എത്ത്റാരാവുമോൾ എതിരെ വരുന്ന കാറിന്റെ മുകളിലും ഗ്‌ളാസിലും മഞ്ഞിന്റെ പാളികൾ. ഞങ്ങൾ സന്തോഷം കൊണ്ട് സ്തബ്ധരായിപോയി അപൂർവമായി ലഭിക്കാവുന്ന മരുഭൂമിയിലെ മഞ്ഞു കാഴ്ച സാധ്യമാവാൻ പോവുന്നു. മുകളിലേക്ക് കയറും തോറും റോഡരികിൽ മഞ്ഞിന്റെ അടരുകൾ .അവയുടെ കനം കൂടി വരുന്നു. അവിടെ നിർത്തി ആ മഞ്ഞിന്റെ നൈർമ്മല്യത്തെ വാരി മുഖത്തോടു ചേർത്ത്. പിന്നെ വീണ്ടും മലകയറ്റം. ദൂരെ മഞ്ഞിന്റെ ശുഭ്ര വസ്ത്രം ധരിച്ച ജബൽ ലോസ് മലയുടെ ശിഖരങ്ങൾ കാണുന്നു. മരുഭൂ മലയുടെ നരച്ച നിറത്തെ മഞ്ഞിന്റെ കമ്പളം കൊണ്ട് പുതച്ചിരിക്കുന്നു.

അല്പം കൂടെ പിന്നിട്ടു മലമുകളിൽ എത്തുമ്പോൾ മഞ്ഞിന്റെ അടരുകൾക്ക് നല്ല കനം വെച്ചിരിക്കുന്നു. കുഞ്ഞുങ്ങൾ മഞ്ഞു കണ്ടു ആവേശത്തിൽ വാരിയെറിയുന്നു. പിന്നെ ഹിമമനുഷ്യ രൂപം ഉണ്ടാക്കുന്നു.

ഉച്ചഭക്ഷണത്തിനു കുന്നിറങ്ങി വീണ്ടും കയറി ചെല്ലുമ്പോൾ കാത്തിരിക്കുന്നത് മറ്റൊരു അനുഭവം. ഇപ്പോൾ മഞ്ഞു പെയ്തു കൊണ്ടിരിയ്ക്കുന്നു. ചുറ്റിലും വെളുത്ത കുഞ്ഞു മഞ്ഞു കണങ്ങള് പാറിയിറങ്ങുന്നു ചെറു കാറ്റിൽ നൃത്തം വെക്കുന്നു. ആരോ കത്തിച്ചു പോയ തീക്കടുത്ത് ചൂട് കാഞ്ഞു കൊണ്ട് ഹിമപാതത്തെ നോക്കിയിരുന്നു.
ഇവിടെ ഇത് അപൂർവ്വമായി ലഭിച്ചേക്കാവുന്ന ഒരു ഭാഗ്യം.. അനുഭവത്തെ കൂടുതൽ ഹൃദയമാക്കുന്നത് മഞ്ഞു പെയ്യാനും അതെ ദിനങ്ങളിൽ ഞങ്ങൾ ഇവിടെയെത്താനുള്ള വിദൂര സാധ്യത കൊണ്ട് കൂടിയാണ്.

വെളുത്ത മഞ്ഞിന്റെ കമ്പളം പുതച്ച കുന്നിൽ ചെരിവുകളിലൂടെ യാത്രയുടെ ക്ഷീണമകറ്റാൻ ചെങ്കടൽ തീരത്തെ ഹഖ്‌ൽ എന്ന ചെറു പട്ടണത്തെ ലക്‌ഷ്യം വെച്ച് വൈകീട്ട് ഞങ്ങൾ കുന്നിറങ്ങി.

ഷഫീഖ് ഇസ്സുദ്ധീൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q